കൊല്ലം : ഉത്രയുടെ ലക്ഷക്കണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് റിമാന്റ് റിപ്പോർട്ട്. കൊലപാതകത്തിന് സഹായം നൽകിയതില്‍ മുഖ്യപങ്ക് പമ്പാട്ടിക്കെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടർന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ പഠിച്ചു. 17000 രൂപ കൈപ്പറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു. പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടില്‍ എത്തിയെന്നും ഉത്ര ഉള്‍പ്പടെയുള്ളവരുടെ മുന്‍പില്‍ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഗൂഢാലോചനയെക്കുറിച്ച് റിമാന്റ് റിപ്പോർട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സൂരജിന്റെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ പങ്കാളികളാണന്ന് സംശയിക്കുന്ന സുഹൃത്തുകളുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിടുണ്ട്.
അതേസമയം താന്‍ നിരപരാധിയാണന്ന് രണ്ടാം പ്രതി സുരേഷ് കോടതിയിലും പുറത്തും വിളിച്ച് പറഞ്ഞു. പ്രതികളെ ഇന്ന് അടൂരിലെ സൂരജിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്കിലും സൂരജിനെ കൊണ്ട് പോകും. രണ്ട് പേരുടെയും കസ്റ്റഡി കാലാവധി 29 ന് അവസാനിക്കും.