പത്തനംതിട്ട: നാടിനെ നടുക്കിയ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ പങ്ക് അന്വേഷണ വിധേയമാക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആദ്യ കൊലപാതകശ്രമം നടന്ന നാള്‍ മുതല്‍ പ്രതിയായ സൂരജിന് പ്രാദേശിക സി.പി.എം നേതാക്കളുടെ ഒത്താശയില്‍ പ്രമുഖ സി.പി.എം നേതാക്കള്‍ എല്ലാവിധ സംരക്ഷണവും സഹായവും ചെയ്തുകൊടുത്തതായി വ്യാപകമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഉത്രയുടെ മരണ ശേഷം ഒന്നരവയസുള്ള മകനെ സൂരജിന് കൈമാറുന്നതിന് ഉന്നത സി.പി.എം നേതാക്കള്‍ ഇടപെട്ടിരുന്നു. അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ സൂരജിനൊപ്പം സി.പി.എം നേതാക്കളും പങ്കെടുത്തിരുന്നു. സി.പി.എം സഹയാത്രികനും ഡി.വൈ.എഫ്.ഐ നേതാവുമായ സൂരജിന് പ്രത്യക്ഷമായും പരോക്ഷമായും സി.പി.എം നേതാക്കള്‍ ചെയ്തുകൊടുത്ത സഹായങ്ങള്‍ പരസ്യമായ രഹസ്യമാണ് എന്നിരിക്കെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമെ സി.പി.എം പങ്ക് വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിക്കു.
നിലവില്‍ ഈ കേസ് അട്ടിമറിക്കുവാനുള്ള നീക്കവും സി.പി.എം കേന്ദ്രങ്ങളില്‍ നടക്കുന്നതായും ഇതിനെതിരെ വേണ്ടിവന്നാല്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ.സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ് എന്നിവര്‍ പറഞ്ഞു.