23.7 C
Pathanāmthitta
Wednesday, December 8, 2021 9:33 pm
Advertismentspot_img

അപൂര്‍വങ്ങളില്‍ അപൂര്‍വും അതിക്രൂരവുമായ കേസില്‍ ഉത്രയ്ക്ക് നീതി

കൊല്ലം : അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് ശിക്ഷ വിധിച്ചത്. സൂരജിന് മേല്‍ പ്രോസിക്യൂഷന്‍ ആരോപിച്ച ഗൂഢാലോചനയോടെയുള്ള കൊലപാതകം (ഐ.പി.സി 302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യജീവി ആക്‌ട് (115) എന്നിവ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിച്ചെന്ന അപൂര്‍വതയുമുണ്ട്.

അറസ്റ്റിലായി 90 ദിവസം തികയും മുന്‍പ്, കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സൂരജിന് ജയിലില്‍ നിന്ന് ഇറങ്ങാനായില്ല. പ്രോസിക്യൂഷന്‍ 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ തെളിവുകളും നിര്‍ണായകമായി. കൊല്ലം റൂറല്‍ എസ്.പിയായിരുന്ന ആര്‍.ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യായിരുന്ന എ.അശോകനാണ് കേസന്വേഷിച്ചത്. അഡ്വ.മോഹന്‍രാജാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍ വീട്ടില്‍ വിജയസേനന്‍മണിമേഖല ദമ്പതികളുടെ മകള്‍ ഉത്രയുടെ (25) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറിന് സന്ധ്യയോടെ ഉത്രയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് മുന്‍പ് മാര്‍ച്ച്‌ 2ന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വച്ച്‌ അണലിയെക്കൊണ്ടും ഉത്രയെ കടിപ്പിച്ചിരുന്നു.

ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം. ഇറച്ചിയില്‍ പാമ്പിനെ കടിപ്പിച്ചും പരീക്ഷണം ഉത്രയെ കടിച്ച അതേ വലിപ്പത്തിലുള്ള മൂര്‍ഖനെ ഉപയോഗിച്ച്‌ പരീക്ഷണം നടത്തിയും കൊലപാതകമാണെന്ന് അന്വേഷണ സംഘം സമര്‍ത്ഥിച്ചു. മൂര്‍ഖന്റെ പത്തിയില്‍ ബലം പ്രയോഗിച്ച്‌ കോഴിയിറച്ചിയില്‍ കടിപ്പിച്ചു. സ്വാഭാവിക കടിയെങ്കില്‍ 1.5 1.8 സെന്റീ മീറ്റര്‍ വരെയായിരിക്കും പല്ലുകള്‍ തമ്മിലുള്ള അകലം. ബലമായി കടിപ്പിച്ചാലിത് 2.4 സെ. മീ വരെയാകും. ഉത്രയുടെ ശരീരത്തില്‍ പല്ലുകളുടെ പാടുകള്‍ തമ്മിലുള്ള അകലം ഇത്രയുമുണ്ടായിരുന്നു.

കൂടുതല്‍ സ്വത്താവശ്യപ്പെട്ടു, സംശയം സൂരജിലേക്കെത്തി – പാമ്പ് കടിച്ചുള്ള സ്വാഭാവിക മരണമെന്ന് സൂരജ് പറഞ്ഞത് ആദ്യം വിശ്വസിച്ച ഉത്രയുടെ വീട്ടുകാരോട് സ്ത്രീധനമായി നല്‍കിയ കാര്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് മരണത്തിന്റെ അഞ്ചാം ദിവസം ഇയാള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സ്വത്തുക്കളും ചോദിച്ചതോടെ സംശയം ബലപ്പെട്ടു. മേയ് 21ന് മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ അഞ്ചല്‍ പോലീസിന് പരാതി നല്‍കി. തൊട്ടടുത്ത ദിവസം റൂറല്‍ എസ്.പി ഹരിശങ്കറിനെയും സമീപിച്ചു. 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്നുതന്നെ സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൊഴികളില്‍ നിറയെ വൈരുദ്ധ്യമായിരുന്നു. കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ 25 ന് അറസ്റ്റ് ചെയ്തു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular