തിരുവനന്തപുരം : പ്രകൃതി സംരക്ഷണം വിദ്യാര്‍ത്ഥികളുടെ പഠന പ്രക്രിയയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പാഠപുസ്തകങ്ങളില്‍ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുന്ന ഭാഗങ്ങള്‍ ഉള്‍പെടുത്തുമെന്നും മന്ത്രി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന ജില്ലാതല പച്ചതുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കേണ്ടത് വരും തലമുറയുടെ ആവശ്യകതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൃക്ഷത്തൈ നടീലും, വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ 44 പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം ജില്ലയില്‍ 52 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 4.12 ഏക്കര്‍ സ്ഥലത്ത് 115 പച്ചത്തുരുത്തുകളാണ് ആകെ സ്ഥാപിക്കുന്നത്.
വനവല്‍ക്കരണം ലക്ഷ്യമിട്ട് 2019ല്‍ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ കീഴില്‍ ഇതുവരെ 340 പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചു. ഇതില്‍ 94 ശതമാനം പച്ചത്തുരുത്തുകള്‍ സുരക്ഷിതമാണെന്നും മറ്റുള്ളവയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു. 2022 ഡിസംബറോടെ ജില്ലയില്‍ 500 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ജൂണ്‍ 6) എല്ലാ വിദ്യാലയങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. ധനുവച്ചപുരം എന്‍.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാല്‍ കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ് നവനീത് കുമാര്‍, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സ്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.





























