തൊടുപുഴ : തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ പരിസരം വൃത്തിയാക്കുന്നതിനിടെ 2 വടി വാളുകൾ കണ്ടെത്തി. തെക്കുംഭാഗം അക്വഡേറ്റിന് സമീപം ഇടവെട്ടി ഭാഗത്തേക്കുള്ള കനാൽ റോഡരികിൽ നിന്നാണ് ഒരു വർഷത്തിലേറെ പഴക്കം തോന്നിക്കുന്ന 2 വടിവാളുകൾ ഇന്നലെ കണ്ടെത്തിയത്. കനാൽ പരിസരത്തെ കാട് വെട്ടി തെളിക്കുക ആയിരുന്ന തൊഴിലാളികൾ വാളുകൾ കണ്ടെത്തിയതോടെ ഭീതിയിലായി. തുടർന്ന് പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുരുമ്പ് എടുത്തു തുടങ്ങിയ നിലയിൽ ആണ് വടി വാളുകൾ രണ്ടും. ഒരു മീറ്ററോളം നീളം ഉള്ളതാണ് ഇവ.
വടിവാളുകൾ കണ്ടെത്തിയ സംഭവത്തിൽ ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വടിവാളുകൾ കണ്ടെത്തിയതിന് സമീപം വീടുകൾ ഇല്ല. ഈ ഭാഗത്ത് രാത്രിയിലും മറ്റും സാമൂഹിക വിരുദ്ധരുടെ താവളം ആണെന്ന് പരാതിയുണ്ട്. നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡരികിൽ ആണ് വടിവാളുകൾ കണ്ടെത്തിയത്. ഇത് സാധാരണ ഗുണ്ടാ സംഘങ്ങളും മറ്റും ഉപയോഗിക്കുന്ന തരത്തിൽ ഉള്ളതാണ്.
ഭാഗത്ത് 2 വർഷം മുൻപ് ഇരു വിഭാഗം ആളുകൾ തമ്മിൽ സംഘർഷം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് മറ്റ് പ്രദേശങ്ങളിൽ നിന്നു കുറെ ആളുകൾ ഇവിടെ എത്തി സംഘട്ടനം നടത്തിയിരുന്നു. അന്നു പുറത്തു നിന്ന് എത്തിയ സംഘത്തിന്റെ പക്കൽ നിന്നു വീണത് ആണോ മാരക ആയുധങ്ങൾ എന്നും നാട്ടുകാർ സംശയിക്കുന്നു.