പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ പൂട്ടിക്കാന്‍ വീണ്ടും നീക്കം സജീവമാകുന്നു. ഇതോടെ നിക്ഷേപകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്ക് നിലനില്‍ക്കേണ്ടത് ഇപ്പോള്‍ തങ്ങളുടെ ആവശ്യമാണ്. ബാങ്ക് പ്രവര്‍ത്തനം തുടര്‍ന്നാലെ തങ്ങളുടെ പണം തിരികെ ലഭിക്കുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വന്‍ തുക വായ്പ എടുത്തിട്ട് മടക്കിനല്കാത്തവര്‍ ബാങ്ക് പൂട്ടിയിടാന്‍ പണിയെടുക്കുകയാണ്. ബാങ്കിനെതിരെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ തങ്ങള്‍ ഒറ്റക്കെട്ടായി ഭരണസമിതിക്ക് പിന്നില്‍ ഉണ്ടാകുമെന്നും ബാങ്ക് തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ശ്ചിദ്ര ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും നിക്ഷേപകര്‍ പറയുന്നു. ബാങ്കിലെ ജീവനക്കാര്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. തങ്ങള്‍ ആരെയും സംരക്ഷിക്കാന്‍ ഇല്ലെന്നും എന്നാല്‍ മൈലപ്ര സഹകരണ ബാങ്ക് പൂട്ടിക്കാന്‍ ആര് തുനിഞ്ഞാലും തങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും നിക്ഷേപകര്‍ വ്യക്തമാക്കി.
മൈലപ്ര സഹകരണ ബാങ്കിനെ പൂട്ടിക്കാനിറങ്ങിയവര്‍ പത്തനംതിട്ടയിലെ ഒരു സോഷ്യല്‍ മീഡിയ ചാനലിനെ കൂട്ടുപിടിച്ച് വീണ്ടും വ്യാജ പ്രചാരണവുമായി രംഗത്ത് വന്നതാണ് നിക്ഷേപകരെ പ്രകോപിപ്പിച്ചത്. ബാങ്കിലെ മുന്‍ ഭരണസമിതി അംഗം ഗീവര്‍ഗീസ് തറയിലിന്റെ പ്രസ്താവന എന്ന നിലയിലാണ് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇദ്ദേഹത്തിന് ബാങ്കില്‍ നിക്ഷേപമോ ഇടപാടുകളോ ഇല്ലെന്നും ബാങ്ക് പൂട്ടിയാല്‍ ഇദ്ദേഹത്തിന് നഷ്ടമൊന്നും സംഭവിക്കില്ലെന്നും നിക്ഷേപകര്‍ പറയുന്നു. എട്ടു മാസമായി ശമ്പളം കിട്ടാത്ത പത്രത്തിലെ ഒരു ജീവനക്കാരനാണ് പത്തനംതിട്ടയില്‍ സോഷ്യല്‍ മീഡിയ ചാനല്‍ നടത്തുന്നത്. മൈലപ്രയിലെ മാധ്യമ പ്രവര്‍ത്തകന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇയാള്‍. ഇയാള്‍ തിരുവനന്തപുരത്തെ ഒരു ഓണ്‍ലൈന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ കൂടിയാണ്. ഈ ചാനലിലാണ് മൈലപ്ര ബാങ്കിനെതിരെ ആദ്യം വാര്‍ത്ത വന്നത്. ഇതിനുപിന്നില്‍ പത്തനംതിട്ടയിലെ ഈ സോഷ്യല്‍ മീഡിയ ചാനലുകാരനായിരുന്നു. വാര്‍ത്ത നല്കാതിരിക്കാന്‍ അടൂരിലെ സി.പി.എം നേതാവിനോട് ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് കേസില്‍ അകപ്പെട്ടതാണ് ഇയാള്‍. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം.
സഹകരണ വകുപ്പിലെ ചില ജീവനക്കാരെയും മൈലപ്ര ബാങ്കിലെ മുന്‍ സെക്രട്ടറി, കൂടാതെ ചില ജീവനക്കാരെയും രക്ഷിക്കുകയാണ് ഈ സോഷ്യല്‍ മീഡിയ ചാനലുകാരന്റെ ലക്‌ഷ്യം. ബാങ്കില്‍ വന്‍തുക കുടിശിക ഉള്ളവരും ഇതിന്റെ പിന്നിലുണ്ട്. പ്രസിഡന്റ് ജെറി ഈശോ ഉമ്മനുമേല്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി തളര്‍ത്തുകയാണ് ലക്‌ഷ്യം. ബാങ്ക് പൂട്ടിയിട്ടാല്‍ വായ്പ തുക തിരിച്ചടക്കേണ്ട എന്ന മിഥ്യാധാരണ ചിലര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ബാങ്ക് ഒരു കാരണവശാലും പൂട്ടിയിടില്ലെന്നും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സംസ്ഥാന സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്തം ഉണ്ടെന്നും ചിലര്‍ക്ക് അറിയാത്തതാണ് കാരണം. ഇപ്പോഴുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം വന്നാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാലതാമസം ഉണ്ടാകും. ഇത് മൈലപ്ര ബാങ്കിലെ നിക്ഷേപകര്‍ ആഗ്രഹിക്കുന്നില്ല.
ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ കുടിശ്ശിക വാങ്ങിയെടുക്കാന്‍ ഭരണസമിതിക്കും ജീവനക്കാര്‍ക്കും ബാധ്യതയുണ്ട്. അതിന് കുടിശ്ശികക്കാരെ വീട്ടില്‍ ചെന്നുകാണുന്ന പതിവുമുണ്ട്. നോട്ടീസുകള്‍ പലത് നേരത്തെ അയച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇതൊന്നും ഗൌനിച്ചിട്ടില്ല. ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കിനല്കണമെങ്കില്‍ വായ്പ കുടിശിക തിരിച്ചുപിടിച്ചേ മതിയാകൂ. അതിനു കുടിശികക്കാരുടെ വീട്ടിലോ ഓഫീസിലോ പോകുന്നത് നിയമപരമാണ്. ബാങ്ക് പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെ മനപൂര്‍വ്വം കുടിശ്ശിക അടക്കാത്തവരുണ്ട്. ഇവരോട് ഇനിയും മൃദുസമീപനം വേണ്ടെന്നും ആവശ്യമെങ്കില്‍ തങ്ങളും ബാങ്ക് ഭരണസമിതിയോടൊപ്പം ഇറങ്ങുമെന്നും നിക്ഷേപകര്‍ പറയുന്നു.