പുതുക്കുളം : മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഇനി വളർമതിയുടെ കൈകളിൽ ഭദ്രം. കഴിഞ്ഞ പത്ത് വർഷമായി യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കലാ ബാലൻ ഭരിച്ചിരുന്ന വാർഡാണ് ഇത്തവണ ഇടതുപക്ഷ സ്ഥാനാർഥി വളർമതി മികച്ച വിജയം നേടി ആധിപത്യം സ്ഥാപിച്ചത്.
കഴിഞ്ഞ തവണത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് വോട്ടുകൾക്കാണ് ഇതേ വാർഡിൽ വളർമതിയെ കല ബാലൻ പരാജയപ്പെടുത്തിയത്. എന്നാൽ ഇത്തവണ കലാബാലനെതിരെ മത്സരിച്ച വളർമതി ഇരുനൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിൽ അഞ്ചാം വാർഡിൽ നിന്നും വിജയിച്ചു. എഴുപത് ശതമാനത്തോളം തമിഴ് തൊഴിലാളികൾ താമസിക്കുന്ന തോട്ടം ജനറൽ വാർഡിലാണ് വളർമതി മത്സരിച്ചത്. ഇവിടെ മികച്ച ഭൂരിപക്ഷത്തിൽ ഇവർ വിജയിക്കുകയായിരുന്നു.
തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി നൈനാരുടെയും ഫത്തിമയുടെയും അഞ്ചാമത്തെ മകളായ വളർമതിയെ 20006 ലാണ് കുമ്പഴ തോട്ടം നടാം ഡിവിഷനിൽ മണികണ്ഠൻ വിവാഹം കഴിച്ചുകൊണ്ടുവരുന്നത്. പ്ലസ് ടു വിനു നല്ല മാർക്കോടെ പാസായ വളർമതി തോട്ടത്തിൽ വിവാഹം കഴിച്ചുവന്നത് മുതൽ പൊതു രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. അർച്ചന കുടുംബശ്രീ സെക്രട്ടറികൂടിയായ വളർമതി തൊഴിലാളികളുടെ ഏതാവശ്യത്തിനും ഒപ്പമുണ്ട്. കേരളത്തിൽ വന്നു മലയാളം എഴുതുവാനും വായിക്കുവാനും പഠിച്ച വളർമതിയെ ആണ് തോട്ടം തൊഴിലാളികൾ അപേക്ഷകൾ പൂരിപ്പിക്കാനും മറ്റും സമീപിക്കുന്നത്. സി പി ഐ തോട്ടം ബ്രാഞ്ച് അംഗം, എ ഐ വൈ എഫ് പഞ്ചായത്ത് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വളർമതി തൊഴിലുറപ്പുതൊഴിലാളികൂടിയാണ്. ഇടക്ക് തോട്ടത്തിൽ താത്കാലിക ജോലിയും ചെയ്യുന്നുണ്ട്. അശ്വിൻ,അശ്വിക എന്നിവർ മക്കളാണ്.