പത്തനംതിട്ട : പച്ചക്കറികളുടെ താങ്ങുവില പ്രാബല്യത്തില്‍ വന്നെങ്കിലും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കില്ല. താങ്ങുവില അപര്യാപ്തമാണെന്ന വിലയിരുത്തലാണ് കര്‍ഷകര്‍ക്ക്. വിളവെടുപ്പ് കാലത്ത് പച്ചക്കറികള്‍ നഷ്ടപ്പെടാതെ സംഭരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാകാത്തതാണ് പ്രധാന ആശങ്ക. ഇത് ഇടനിലക്കാര്‍ക്ക് ചൂഷണത്തിന് അവസരം നൽകും.
പച്ചക്കറി വിളകള്‍ക്ക് തറവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് കൈത്താങ്ങുമെന്ന പ്രഖ്യാപനത്തെ വ്യാപാരികളും സംശയദൃഷ്ടിയോടെയാണ് നോക്കി കാണുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ കൂടുതലും എത്തുന്നത്. അതുകൊണ്ട് പ്രധാന പച്ചക്കറികളുടെ വിലയെ ഇത് ബാധിക്കുകയുമില്ല. നേന്ത്രക്കായ്ക്ക് അടിസ്ഥാന വില 30 രൂപയാണ്. വിളവെടുത്ത് കടയില്‍ എത്തിച്ചാല്‍ നിശ്ചിത വില ലഭിക്കണമെന്നു നിർബന്ധമില്ല.
തമിഴ്നാട്ടില്‍ ഉത്പാദനം കൂടുമ്പോള്‍ ചിലപ്പോള്‍ വില 20 രൂപ വരെ താഴാം. അങ്ങനെ വരുമ്പോള്‍ അടിസ്ഥാന വിലയ്ക്ക് കര്‍ഷകന്റെ ഉത്പന്നം വാങ്ങാന്‍ കച്ചവടക്കാര്‍ മടിക്കും. ഇവിടെയാണ് ഇടനിലക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്. മരിച്ചീനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് 12 രൂപയാണ്. എന്നാല്‍ കച്ചവടക്കാര്‍ വില്‍ക്കുന്നത് 18 – 20 രൂപയ്ക്കും. ഇത്രയും വില വ്യത്യാസമാണ് തറവില അശാസ്ത്രീയമാണെന്ന് പറയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന പച്ചക്കറികള്‍ സംഭരിക്കുമെന്ന പറയുന്നുണ്ടെങ്കിലും പല സംഘങ്ങളും ഇതിനോടു മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. സംഭരണ കേന്ദ്രങ്ങളില്ലാത്തതാണ് പ്രശ്നം. നല്ലരീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ എളുപ്പം കേടാകും.
അതേ സമയം ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ തറവില പ്രഖ്യാപിക്കുന്നതിനോടപ്പം കൃഷിയിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് സംഭരിച്ചാല്‍ ഗുണകരമാകുമെന്ന അഭിപ്രായം കര്‍ഷകര്‍ക്കുണ്ട്. പ്രാദേശിക വിപണികള്‍ പ്രോത്സാഹിപ്പിക്കണമെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം ഇടനിലക്കാരുമായി ഒത്ത് ചേര്‍ന്ന് ഹോര്‍ട്ടികോര്‍പ്, വിഎഫ്സികെ എന്നിവയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികള്‍ എത്തിക്കാനാണ് താത്പര്യം. വിളവെടുപ്പിന്റെ സമയത്തും സംഭരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാകുന്നില്ല. ഇത് മൂലം വലിയ നഷ്ടം ഉണ്ടാകുന്നു. കൂടാതെയാണ് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന വിളനാശവും. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം പോലും കിട്ടിയിട്ടില്ല.