വെട്ടൂർ : ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന് കൊടിയേറി. പൂരപടയണി 24നും മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ അംബരചുംബികളായ എടുപ്പ് കുതിരകളെ അണിനിരത്തുന്ന കെട്ടുകാഴ്ച മാർച്ച് 25ന് വൈകിട്ട് നാലിനും നടക്കും. പൈതൃകഗ്രാമത്തിൽ ഇനി ഹരിയോഹരേയുടെ മന്ത്രമുഖരിതമായ ദിനരാത്രങ്ങൾ. മൂന്നാം ഉത്സവമായ നാളെ (മാർച്ച് 18ന്) എല്ലാദിവസവും പതിവ് പൂജകൾക്ക് പുറമേ രാവിലെ 6ന് ഗണപതിഹോമം, 8.30ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 7 മുതൽ മലയാലപ്പുഴ രാധാമാധവം കലാസമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 8 മുതൽ ആയിരവില്ലേശ്വര ബാലഗോകുലം അവതരിപ്പിക്കുന്ന ഗോകുലസന്ധ്യ. ചൊവാഴ്ച(മാർച്ച് 19ന്) രാത്രി 9.30 മുതൽ ആൾപ്പിണ്ടിയും വിളക്കും.
മാർച്ച് 20ന് വൈകിട്ട് 5.30 മുതൽ മേളപ്രമാണി ആർഎൽവി ശ്യാം ശശിധരനും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 7.30 മുതൽ കുമ്പഴ നിള നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തനൃത്യങ്ങൾ. മാർച്ച് 21ന് രാവിലെ 9.30 മുതൽ ക്ഷേത്രക്കാവിൽ ആയില്യപൂജ. രാത്രി 8.30ന് ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന നാടകം കൂടെയുണ്ട്. മാർച്ച് 22ന് വൈകിട്ട് 6.45 മുതൽ കോലം എടുത്ത് വരവ്. 8 മുതൽ ആയിരവില്ലേശ്വര കലാഗ്രാമം അവതരിപ്പിക്കുന്ന വെട്ടൂർ പടയണി. രാത്രി 10 മുതൽ കോട്ടയം മെഗാബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള. മാർച്ച് 23 വൈകിട്ട് 4ന് കോട്ടകയറ്റം, 6.45ന് കോലം എടുത്തുവരവ്, 8 മുതൽ ആയിരവില്ലേശ്വര കലാഗ്രാമം അവതരിപ്പിക്കുന്ന വെട്ടൂർ പടയണി. 9 മുതൽ ശാസ്താംകോട്ട പാട്ടുപുര അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും. മാർച്ച് 24ന് 12.30ന് പൂരസദ്യ, രാത്രി 7ന് കോലം എടുത്തുവരവ്, രാത്രി 9 മുതൽ കടമ്മനിട്ട ഗോത്രകലാകളരി അവതരിപ്പിക്കുന്ന വെട്ടൂർ പൂരപ്പടയണി. മാർച്ച് 25 വൈകിട്ട് 4ന് മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പ് കുതിരകളെ അണിനിരത്തുന്ന കെട്ടുകാഴ്ച. തുടർന്ന് പടയണിക്കളത്തിൽ വേലകളിയും നടക്കും. രാത്രി 7ന് കളമെഴുത്തും പാട്ടും. 9ന് പടയണിക്കളത്തിലേക്ക് എഴുന്നെള്ളത്ത്. രാത്രി 11.30 മുതൽ തിരുവനന്തപുരം ഉജ്ജയിനി അവതരിപ്പിക്കുന്ന നൃത്തനാടകം ചിദംബരനാഥൻ.
ആപ്പിണ്ടിയും വിളക്കും മാർച്ച് 19ന്
ഹരിയോ….ഹരേ’ വിളികളുടെ ഭക്തിസാന്ദ്രതയിൽ ചെറുദീപങ്ങളും പന്തങ്ങളും മിഴി തുറന്നു. സഹസ്രദീപ പ്രഭയിൽ പൈതൃകഗ്രാമം തിളങ്ങും. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്രതാനുഷ്ഠാനത്തോടെ തയാറാക്കിയ വലുതും ചെറുതുമായ ആപ്പിണ്ടികളും താലപ്പൊലിയും രാത്രി 9ന് ക്ഷേത്രത്തിലെ പടയണിക്കളത്തിൽ അണിനിരന്നു. മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം ശ്രീകോവിലിൽ നിന്ന് കോൽ വിളക്കിലേക്ക് പകർന്ന ദീപം ക്ഷേത്രോപദേശക സമിതി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി വാദ്യഘോഷങ്ങളുടെയും മന്ത്രധ്വനികളുടെയും അകമ്പടിയോടെ പടയണിക്കളത്തിൽ
എത്തിക്കും. തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ വിളക്കെടുപ്പ് ആരംഭിച്ച്, ശ്രീകോവിലിന് വലംവച്ച് പുഷ്പവൃഷ്ടി നടത്തി. തുടർന്ന് ആപ്പിണ്ടികൾ ക്ഷേത്രത്തിന് മൂന്ന് തവണ വലംവച്ച് ആഴിയിലേക്ക് സമർപ്പിക്കും.
ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടത്തിവരുന്ന ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ് ആൾപ്പിണ്ടി. അഭീഷ്ടസാധ്യത്തിനും ദേശദേവന്റെ അനുഗ്രഹത്തിനുമായിട്ടാണ് ക്ഷേത്രത്തിൽ
ആൾപ്പിണ്ടിയും വിളക്കെടുപ്പും നടത്തുന്നത്. വ്രതാനുഷ്ഠാനത്തോടെയാണ് ഇതിന്റെ നിർമിതിയും എടുപ്പും. ക്ഷേത്രശ്രീകോവിലിന്റെ മാതൃകയിൽ കമുകിൻകീറ് പിരമിഡ് രൂപത്തിൽ കെട്ടിയുണ്ടാക്കി അതിൽ വാഴയുടെ വെള്ളപ്പോളകൾ ക്രമമായി അടുക്കി വരിഞ്ഞ് കെട്ടും. മുകൾ ഭാഗത്ത് പച്ചപ്പാള കൊണ്ട് കൂമ്പാരമുണ്ടാക്കി ഉറപ്പിക്കും. കൂമ്പാരത്തിന്റെ മധ്യഭാഗത്തായി തെങ്ങിൻ പൂക്കുലയും ഉറപ്പിക്കും. കുരുത്തോലകൾ കൊണ്ട് വാഴപ്പോളയുടെ മുകളിൽ തൊങ്ങലുകൾ പിടിപ്പിക്കും. കുമ്പാരത്തിലെ പച്ചപ്പാളയിൽ മൂന്ന് പന്തങ്ങൾ ഉറപ്പിക്കും. വീടുകളിൽ തയാറാക്കിയ ആൾപ്പിണ്ടികൾ ഈ പന്തത്തിന്റെ ദീപപ്രഭയിലാണ് രാത്രിയിൽ
ക്ഷേത്രത്തിലേക്ക് തലയിലേറ്റി കൊണ്ടുവരുന്നത്. ആൾപ്പിണ്ടികൾ ചെറും വലുതും ഉണ്ട്. ആൺ കുട്ടികളുടെ പ്രായഭേദം അനുസരിച്ച് ഒറ്റയ്ക്ക് എടുക്കാവുന്ന വിവിധ വലുപ്പത്തിലുള്ളതും 6 മുതൽ 10 അടിവരെ ഉയരമുള്ളതും ചട്ടത്തിൽ ഉറപ്പിച്ച്, ക്ഷേത്ര ശ്രീകോവിൽ മാതൃകയിൽ നിർമിച്ച് സംഘങ്ങളായി യുവാക്കൾ ചേർന്ന് എടുക്കുന്ന ആൾപ്പിണ്ടികളും ഉണ്ട്.
വെട്ടൂർ പടയണി ഐതിഹ്യവും ചരിത്രവും (മാർച്ച് 24ന്)
നാടിന്റെ പൈതൃകവും ജനതയുടെ വികാരവുമാണ് പടയണി. 64 കലകളും സമ്മേളിക്കുന്നതാണ് പടയണി. വർഷങ്ങൾക്ക് മുൻപുവരെ 22 ദിവസത്തെ പടയണിയായിരുന്നു ഉണ്ടായിരുന്നത്. കാലാന്തരത്തിൽ അവ എണ്ണം കുറഞ്ഞ് 10 ആവുകയും ഇപ്പോൾ മൂന്നു ദിവസം മാത്രമായി ചുരുങ്ങി. കൂടാതെ ഉത്സവത്തിന്റെ ഭാഗമായി സ്ഥിരമായി അവതരിപ്പിച്ചിരുന്ന കലാരൂപമായ വേലകളിയും ഇടക്കാലത്ത് അരങ്ങൊഴിഞ്ഞെങ്കിലും അവയെ വീണ്ടും രംഗത്ത് എത്തിച്ചിട്ടുണ്ട്. വെട്ടൂർ ദേശവുമായി ബന്ധപ്പെട്ട് 18 കരക്കാർ പഴയകാലത്ത് ഉണ്ടായിരുന്നുവെന്നും 22 ദിവസമാണ് പടയണി നടത്തിയിരുന്നതെന്നുമാണ് പഴമക്കാരുടെ വാമൊഴി. വലഞ്ചൂഴി ദേവീക്ഷേത്രത്തിൽ സ്ഥിരമായി പടയണി നടത്തിയിരുന്നത് വെട്ടൂരിലെ പടയണി ആശാന്മാരായിരുന്നു. ഒരിക്കൽ പടയണി അവതരിപ്പിക്കാൻ ഇറങ്ങിയ ആശാന്മാർ നടന്നു ക്ഷീണിച്ച് വാളിപ്പാറയിൽ ഇരുന്ന് വിശ്രമിച്ചു. തലേദിവസത്തെ ഉറക്കക്ഷീണം കൂടി ഉണ്ടായിരുന്നതിനാൽ അവർ ഉറങ്ങിപ്പോയി എന്നാണ് കഥ. ചൂട്ടുവയ്ക്കുന്ന സമയത്ത് വലഞ്ചൂഴിൽ എത്തിച്ചേരാൻ അവർക്കുകഴിഞ്ഞില്ല. വൈകിയെത്തിയ ആശാന്മാരെ കരനാഥന്മാരുടെ നേതൃത്വത്തിൽ ആക്ഷേപിച്ചതായി ഐതിഹ്യം. അധിക്ഷേപത്തിൽ മനം നൊന്ത് അന്നുതന്നെ വലഞ്ചൂഴി ദേവിയുടെ ചൈതന്യത്തെ ആവാഹിച്ച് വെട്ടൂരിലേക്ക് കൊണ്ടുവന്ന് ആയിരവില്ലന്റെ ഉപദേവതയായി ക്ഷേത്രമതിൽക്കകത്ത് പ്രതിഷ്ഠിക്കുകയും ചെയ്തുവത്രേ. ദേശത്തിന്റെ ഈതിബാധകൾ അകറ്റുന്നതിന്, കാർഷിക ഗ്രാമത്തിൽ നല്ലവിളവ് ലഭിക്കുന്നതിനായി അന്നു മുതൽ ദേവീപ്രീതിക്കായി പടയണി നടത്തിവരുന്നു.
പടയണിയിലെ വെട്ടൂർ-കുമ്പഴ ചിട്ട
പടയണിയിൽ തെക്കൻ-വടക്കൻ ചിട്ടകളാണുള്ളത്. ജില്ലയിലെ ഭൂരിപക്ഷം ദേവീക്ഷേത്രങ്ങളിലും തെക്കൻ ചിട്ടയിലുള്ള പടയണിയാണ് നടത്തുന്നത്. ഇതിൽ ദ്രാവിഡഗോത്രത്തിന്റെ പഴമയോട് ചേർന്ന് നിൽക്കുന്ന പടയണിക്ക് പൈതൃകഗ്രാമത്തിന് മാത്രമായുള്ള തനത് ചിട്ടയുണ്ടായിരുന്നു. വെട്ടൂർ-കുമ്പഴ ചിട്ടയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഈ ചിട്ടയ്ക്ക് ചുക്കാൻ പിടിച്ചയാളാണ് കറുത്താശാൻ. ഒരു കാലത്ത് ഇവരായിരുന്നു വെട്ടൂർ, വലഞ്ചൂഴി, താഴൂർ, കടമ്മനിട്ട എന്നിവിടങ്ങളിൽ പടയണിക്ക് ചുക്കാൻ പിടിച്ചിരുന്നത്.
ഉത്രം ഉത്സവം മാർച്ച് 25ന്
മീനത്തിലെ പൈങ്കുനി ഉത്രമാണ്ഉത്സവം. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പ് കുതിരകളെ (നെടുംകുതിരകളെ) അണിനിരത്തിക്കൊണ്ടുള്ള കെട്ടുകാഴ്ച പ്രസിദ്ധമാണ്. ബുദ്ധമത സ്വാധീനത്താൽ രൂപം കൊണ്ടതാണ് ഈ കെട്ടുകാഴ്ചകൾ. കൂടാതെ ഉപദേവതയായ വലഞ്ചൂഴി ഭഗവതിക്കുവേണ്ടി പടയണിയും നടത്തുന്നുണ്ട്. മധ്യതിരുവിതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലും കെട്ടുകാഴ്ചകൾക്ക് തേരും കുതിരയും ഒറ്റക്കാളയും ഇരട്ടക്കാളകളും മറ്റും അണിയിച്ചൊരുക്കാറുണ്ടെങ്കിലും അവയെല്ലാം തന്നെ ചക്രങ്ങളിൽ കെട്ടിവലിച്ചാണ് ക്ഷേത്രങ്ങൾക്ക് സമീപത്തേക്ക് എത്തിക്കുന്നത്. എന്നാൽ മധ്യതിരുവിതാംകൂറിൽ ചട്ടത്തിൽ നിർമിച്ചിരിക്കുന്ന, ആളുകൾ ചുമലിലേറ്റി കൊണ്ടുവരുന്ന ഏറ്റവും വലിയ നെടുംകുതിരകളെ അണിനിരത്തുന്ന ക്ഷേത്രമെന്ന പ്രത്യേകത വെട്ടൂരിനുമാത്രം അവകാശപ്പെട്ടതാണ്. ഭക്തിയും ഭൂപ്രകൃതിയുടെ പ്രത്യേകതയും നിർമാണത്തിലെ വൈദഗ്ധ്യവും ഇതിന് കാരണം.
എടുക്കാൻ മുന്നൂറിലേറെപ്പേർ
തച്ചുശാസ്ത്രത്തിന്റെ കൃത്യതയാണ് ഓരോ എടുപ്പുകുതിരകളും. 44 അടി ഏഴിഞ്ച് ഉയരവും 14അടി ഒൻപതിഞ്ച് വീതിയുമാണ് വെട്ടൂരിലെ കെട്ടുകാഴ്ചയിലെ ഏറ്റവും വലിയ എടുപ്പുകുതിരയായ കരക്കുതിരയ്ക്കുള്ളത്. 44 അടി നീളമുള്ള തേക്കിൻ ചട്ടത്തിലാണ് എടുപ്പുകുതിരയെ ഉറപ്പിക്കുന്നത്. സമചതുരാകൃതിയിൽ മേൽക്കൂടാരംവരെ പോകുന്നതാണ് ഇതിന്റെ ഘടന. 14 അടി ഒൻപതിഞ്ച് നീളത്തിലും ഒൻപതിഞ്ച് വീതിയിലുമാണ് കുതിരയെ ഉറപ്പിക്കുന്നതിനുള്ള പടികൾ നിർമിക്കുന്നത്. 12 അടി നീളമുള്ള കമത്ത് പടിയും 174 സെന്റീമീറ്റർ നീളമുള്ള വാട്ടപ്പടിയും എട്ടുമീറ്റർ കതിരുകാലും 12 അടി ഇടക്കൂടാരവും 13 ഇല്ലിത്തട്ടുകളും ഉണ്ട്. കൂടാതെ അടിക്കൂടാരം, ഇടക്കൂടാരം, മേൽക്കൂടാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളോടും കൂടിയതുമാണ് കരക്കുതിര. അടിക്കൂടാരത്തിനും ഇടക്കൂടാരത്തിനും മധ്യത്തിലാണ് തിടമ്പും ദാരുശില്പങ്ങളും നെറ്റിപ്പട്ടവും വയ്ക്കുന്നത്. പിരമിഡ് ആകൃതിയാണ്.

































