വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. പരാതിക്കാരനെ കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി 10,000/- രൂപ കൈക്കൂലി വാങ്ങിയ വയനാട് പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടറായ റെജി ജയിംസിനെയാണ് കോടതി ശിക്ഷിച്ചത്. റെജി ജയിംസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി വിജിലൻസ് കോടതി 7 വർഷം തടവിനും 50,000/-രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിക്കുകയായിരുന്നു. 2016-ൽ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ ഒരു ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒരു കിഡ്നാപ്പിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ കേസുകൾ കൈകാര്യം ചെയ്തിരുന്ന അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടറായിരുന്ന റെജി ജയിംസ് ഈ കേസിൽ പരാതിക്കാരനേയും കൂടി പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും തുടർന്ന് പ്രതിയാക്കാതിരിക്കാൻ 30,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10,000/- രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം തന്നെ വയനാട് വിജിലൻസ് യൂണിറ്റ് റെജി ജയിംസിനെ കൈയ്യോടെ പിടികൂടി. ഈ കേസിലാണ് റെജി ജയിംസിനെ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 7 വർഷം തടവിനും 50,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. തലശ്ശേരി വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ. K. രാമകൃഷ്ണൻ ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. K. B. അനൂപ് ഹാജരായി. വയനാട് വിജിലൻസ് യുണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ കെ. കെ. മാർക്കോസ്, ആർ. ജയരാജ്, മുൻ പോലീസ് ഇൻസ്പെക്ടർ ഷാജി വർഗ്ഗീസ് എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.































