തിരുവനന്തപുരം: ലൈഫ് കോഴ ഇടപാടില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യല്‍. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ തേടാനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. വിജിലന്‍സ് ഡി വൈ എസ് പി അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്യലിനായി ജയിലില്‍ എത്തിയിരിക്കുന്നത്.
അഞ്ചാമത്തെ ഐഫോണ്‍ ആരുടെ കൈയിലാണെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. സന്തോഷ് ഈപ്പന് നല്കിയ ഐഫോണുകള്‍ പലര്‍ക്കായി കൈമാറിയത് സ്വപ്നയാണ്. അതുകൊണ്ട് തന്നെ ഐഫോണുമായി ബന്ധപ്പെട്ട കൃത്യമായ വിവരം അറിയാവുന്നത് സ്വപ്നയ്ക്ക് മാത്രമാണ്. ഈജിപ്ഷ്യന്‍ പൗരനടക്കം ഭീമമായ കമ്മീഷന് കൈമാറിയത് സ്വപ്നയുടെ നിര്‍ദേശ പ്രകാരമാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ തന്നെ വിജിലന്‍സ് ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകമാണ്.