തിരുവനന്തപുരം : യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ്. പി. നായരെക്കുറിച്ച് കൂടുതലായി ആര്‍ക്കുമറിയില്ലെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. വീട്ടിലുള്ളത് അമ്മയും സഹോദരനുമാണ്. സഹോദരി നഗരത്തില്‍ താമസിക്കുന്നു. വീട്ടുകാരില്‍ ആര്‍ക്കും നാട്ടുകാരുമായി യാതൊരു ബന്ധവുമില്ല. പഞ്ചായത്തംഗത്തിനും ഇവരെക്കുറിച്ച് കൂടുതല്‍ അറിയില്ല. ഒടുവില്‍ പോസ്റ്റ്മാന്റെ സഹായത്തോടെയാണ് പോലീസ് ഇയാളുടെ വീട്ടില്‍ എത്തിയത്.
ഇയാളുടെ ഡോക്ടറേറ്റിനെ സംബന്ധിച്ചും അന്വേഷണം പുരോഗിമിക്കുകയാണ്. വിജയ് അവിവാഹിതനാണ്. സിനിമയില്‍ സംവിധാനം പഠിക്കാന്‍ പോയ ശേഷം അധ്യാപകനായെന്നും അതിനു ശേഷമാണ് യു ട്യൂബര്‍ ആയതെന്നുമാണ് വിജയ് പി. നായര്‍ പോലീസിനോടു പറഞ്ഞത്. പാരലല്‍ കോളജില്‍ അധ്യാപകനായി ജോലി ചെയ്‌തെന്നും അതിനുശേഷം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തി.
പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റാണു ലഭിച്ചതെന്നാണ് വാദം. പിഎച്ച്ഡി ലഭിച്ചെന്നു പറയുന്ന തമിഴ്‌നാട്ടിലെ സര്‍വകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്. സിനിമാരംഗത്തുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്.
കേസിനെ തുടര്‍ന്ന് വിജയ് പി.നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമ്പാനൂര്‍, മ്യൂസിയം പോലീസ് സ്‌റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശാന്തിവിള ദിനേശിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.