കൊച്ചി : നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയ വിഐപി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്. വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു. കേസില്‍ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെയും ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കാവ്യയും ശരത്തും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നു. കാവ്യ നടത്തിയ കാര്യങ്ങള്‍ എന്തായി, നടന്നോ എന്ന സംഭാഷണത്തിന് ഉത്തരം നല്‍കേണ്ടിവരും. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കാളിത്തമായിരിക്കും അന്വേഷണസംഘം ചോദിച്ച് അറിയുക. ദിലീപിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.