പത്തനംതിട്ട : ശബരിമല ശാസ്താവിന്റെ പൂങ്കാവനം ശുചിയാക്കി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവ ലക്ഷ്യമിട്ട് ” മിഷന്‍ ഗ്രീന്‍ ” എന്ന പേരില്‍ ബോധവത്കരണവും നടക്കുന്നുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങൾ പ്രവർത്തനനിരതരാണ്.
ജില്ലാ കളക്ടര്‍ ചെയര്‍മാനും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളില്‍ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ എന്നിവ നടക്കുന്നത്. കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കുക . ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളില്‍നിന്നല്ല സൂപ്പര്‍വൈസര്‍മാരെയും ഓരോ സെക്ടറുകളിലായി നിയോഗിച്ചിട്ടുണ്ട്. അതത് സ്ഥലങ്ങളിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുമാണ് സേനയുടെ പ്രവര്‍ത്തനനങ്ങൾ ഏകോപിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന “പവിത്രം ശബരിമല” ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങള്‍ ദിവസവും പങ്കാളികളാകുന്നു. എല്ലാ ദിവസവും രാവിലെ 9 മുതൽ 10 വരെ ദേവസ്വം ജീവനക്കാർ, മറ്റ് വകുപ്പുകളിലെ ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയ എല്ലാവരും ഒത്തുചേർന്നാണ് “പവിത്രം ശബരിമല” ശുചീകരണ പ്രവർത്തനം നടത്തുന്നത്.
1995ല്‍ ആണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും വാഹനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത് . വേതനത്തിന് പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം എന്നിവയും ഇവർക്ക് ലഭ്യമാക്കുന്നു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഗ്രാന്റും ലഭിക്കുന്നുണ്ട്. ശബരിമല തീര്‍ഥാടനത്തിനു പുറമേ മേടവിഷു മഹോത്സവം, തിരുവുത്സവ കാലയളവുകളിലും വിശുദ്ധി സേന ശുചീകരണ പ്രവർത്തനങ്ങളുമായി ശബരിമലയിലുണ്ട്





























