ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത് ഒന്നരലക്ഷത്തിലേറെ യാത്രക്കാർ. അനക് ക്രകതാവു അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം അന്തരീക്ഷത്തിൽ പടർന്നതിനെത്തുടർന്ന് ജക്കാർത്തയിലെ സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് ആദ്യം അടച്ചത്. 467 വിമാന സർവീസുകളെ ഇത് ബാധിച്ചുവെന്നും ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്നത് പരിഗണിക്കണമെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രി ദുഡി പൂർവഗന്ധി വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വൈകിയാണ് അഗ്നിപർവ്വത സ്ഫോടനം ആരംഭിച്ചത്.
തുടർച്ചയായ ഭൂകമ്പ ചലനങ്ങളും ലാവ പുറന്തള്ളലും വൻ ശബ്ദങ്ങളും മേഖലയിലുണ്ടായി. പിന്നാലെ രണ്ട് തവണ കൂടി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സിംഗപ്പൂരിലേക്കും തിരിച്ചുുമുള്ള സർവീസുകളെയാണ് വിമാനത്താവളങ്ങൾ അടച്ചത് സാരമായി ബാധിച്ചത്. ദോഹ, സിഡ്നി, കോലാലംപൂർ തുടങ്ങിയ മറ്റ് അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സർവീസുകളും തടസ്സപ്പെട്ടു. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം അന്തരീക്ഷത്തിലൂടെ പടിഞ്ഞാറൻ ജാവ മേഖലയിലേക്ക് പടർന്നതായി പരിശോധനകളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് കൂടുതൽ വിമാനത്താവളങ്ങൾ അടക്കാൻ തീരുമാനിച്ചതെന്നാണ് ഗതാഗത മന്ത്രാലയം വിശദമാക്കുന്നത്.
വിമാന സർവീസുകൾ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്ന നടപടികൾ വേഗത്തിലാക്കാനും, വിമാനത്താവളങ്ങളിൽ തിരക്ക് ഒഴിവാക്കാൻ വരാനിരിക്കുന്ന യാത്രകൾ ഉള്ളവർക്ക് കൃത്യസമയത്ത് വിവരങ്ങൾ നൽകാനും ഗതാഗത മന്ത്രി വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യൻ കാലാവസ്ഥാ ഏജൻസിയായ കണക്കനുസരിച്ച് അഗ്നിപർവ്വതത്തിന് കിഴക്കൻ മേഖലയിലുള്ള ജാവയിൽ 20000 അടിയും, പടിഞ്ഞാറുള്ള സുമാത്ര ഭാഗത്ത് 50000 അടിയും ഉയരത്തിൽ ചാരം പടർന്നിട്ടുണ്ട്.
ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. നിലവിലെ സാഹചര്യം സുനാമി മുന്നറിയിപ്പുകളിലേക്ക് നയിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ചാരം നിമിത്തം ശ്വാസകോശത്തിനും കണ്ണുകൾക്കും ചർമ്മത്തിനും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രദേശവാസികൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മാസ്കുകൾ ധരിക്കണമെന്നുമാണ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്.

































