പത്തനംതിട്ട : വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ‘വോട്ട് വണ്ടി’ എത്തുന്നു. വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ വോട്ടിംഗിന് നിര്‍ണ്ണായക പങ്കുണ്ട്. സ്വീപ് വോട്ടര്‍ ബോധവല്‍ക്കരണത്തിലൂടെ കുറച്ച് വോട്ടര്‍മാരെങ്കിലും അധികമായി വോട്ട് രേഖപ്പെടുത്തിയാല്‍ അത് ഗുണകരമായ ഫലമാണുണ്ടാക്കുകയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വോട്ട് വണ്ടിയില്‍ വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനവും വോട്ട് ചെയ്യുന്ന രീതിയും വോട്ടര്‍മാരെയും വിദ്യാര്‍ഥികളെയും പരിചയപ്പെടുത്തുന്നു. കൂടാതെ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തെരഞ്ഞെടുപ്പില്‍ ഹരിതപെരുമാറ്റ ചട്ടം പാലിക്കുന്നതിനെക്കുറിച്ചും വോട്ട് വണ്ടിയില്‍ സന്ദേശങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ഇന്ന് ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വോട്ട് വണ്ടി പര്യടനം നടത്തി. വരുന്ന നാലു ദിവസങ്ങളിലായി ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. സ്വീപിന്റെ ആഭിമുഖ്യത്തില്‍ വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ കോളജ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും സംഘടിപ്പിച്ച് വരുന്നു. പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ് നടന്നു. പത്തനംതിട്ട കതോലിക്കേറ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ 30 അംഗ വോളണ്ടിയര്‍മാരാണ് ഫ്‌ളാഷ് മോബില്‍ പങ്കെടുക്കുന്നത്.
വോട്ടര്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട കതോലിക്കേറ്റ് കോളേജ്, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഫ്‌ളാഷ് മോബ് നടത്തി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, സ്വീപ് നോഡല്‍ ഓഫീസര്‍ ശ്രീബാഷ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സവിതാ പ്രമോദ്, എന്‍.എസ്.എസ് ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ വി.എസ് ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.