കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍. ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച്, അനിശ്ചിതകാല സമരം ആരംഭിച്ചത്. കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഏറെ നാള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു.കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ 42 ദിവസത്തെ സമരം അവസാനിപ്പിച്ച് സെപ്റ്റംബര്‍ 21 നാണ് വീണ്ടും ജോലിക്ക് കയറിയത്. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുക, കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുക, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ സമരക്കാരുടെ പത്തോളം ആവശ്യങ്ങള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.
എന്നാല്‍ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടിയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാകാത്ത സ്ഥിതിയാണെന്ന് വെസ്റ്റ് ബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് ഫ്രണ്ട് വ്യക്തമാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഒരു ശ്രമവുമില്ല. ഇതോടെ ഞങ്ങള്‍ വീണ്ടും പ്രക്ഷോഭ രംഗത്തേക്കിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധിയായ അനികേത് മഹാതോ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളില്‍ ബംഗാള്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക് പോകുമെന്നും ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ രണ്ടിന് കൊല്‍ക്കത്തയില്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ എല്ലാ തുറകളിലും പെട്ട ജനങ്ങളോട് അണിനിരക്കാന്‍ ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.