ഡൽഹി: രാജ്ഭവൻ ജനസൗഹൃദമാക്കുന്നതിൽ പശ്ചിമ ബംഗാൾ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രാവർത്തികമാക്കിയ നൂതനാശയങ്ങൾ ഗവർണർമാരുടെ ദ്വിദിന വാർഷിക സമ്മേളനത്തിൽ സജീവ ചർച്ചാവിഷയമായി. ബംഗാളിൽ ഡോ സി.വിആനന്ദബോസ് തുടക്കം കുറിച്ച ജൻരാജ്ഭവൻ, ഗ്രൗണ്ട് സീറോ ഗവർണർ, പ്രകൃതിസൗഹൃദ രാജ്ഭവൻ, കലാസാംസ്കാരിക മിഷൻ തുടങ്ങിയ ഭാവനാപൂർണമായ നൂതനോദ്യമങ്ങൾ ചർച്ചകളിൽ മുന്നിട്ടു നിന്നു. ബഹുമാന്യ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സ്ഥാനമേറ്റശേഷമുള്ള തന്റെ ആദ്യ കൊൽക്കത്ത സന്ദർശനത്തിൽ രാജ്ഭവൻ കവാടത്തിന്റെ താക്കോൽ പ്രതീകാത്മകമായി മുഖ്യമന്ത്രി മമത ബാനര്ജിക്കു കൈമാറി രാജ്ഭവനെ ജൻരാജ്‌ഭവനായി നാമകരണം ചെയ്ത് പൊതുജനസൗഹൃദമാക്കി പ്രഖ്യാപിച്ചത്.
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിരോധത്തിന് പ്രധാനമന്ത്രി എടുത്തുപറഞ്ഞ ഒന്നാണ് ‘അമ്മയ്ക്കൊരുമരം’ എന്ന ആശയം. കവി സുഗതകുമാരിയുടെ നവതിപ്രമാണിച്ച് രാജ്ഭവനിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ ‘സുഗതവന’ത്തിന് നാന്ദികുറിച്ചപ്പോൾ കുട്ടികൾ “ഒരു തൈനടാം നമുക്കമ്മയ്ക്കു വേണ്ടി” എന്നുതുടങ്ങുന്ന കവിത ആലപിച്ചാണ് അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മിക്ക വിശേഷാവസരങ്ങളും വൈവിധ്യമാർന്ന മരങ്ങൾ നട്ടാണ് രാജ്ഭവൻ ആഘോഷിക്കുന്നത്. ബംഗാളിലെ മൂന്നു രാജ്ഭവനുകളെയും പരിസ്ഥിതിസൗഹൃദമാക്കുന്നതിന് സംസ്ഥാനത്തെ വിവിധ പരിസ്ഥിതി പ്രസ്ഥാനങ്ങളുമായിച്ചേർന്ന് തുടക്കം കുറിച്ച ജൈവകൃഷിയടക്കമുള്ള ഉദ്യമങ്ങൾ നല്ല ഫലമുളവാക്കിയതായി വിലയിരുത്തപ്പെടുന്നു.
തനതു കലാസാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും രാജ്ഭവൻ ആസ്ഥാനമാക്കി രൂപം നൽകിയ കലാ സാംസ്കാരിക മിഷന്റെ പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചാവിഷയമായി. കലാ സാംസ്കാരിക മിഷന് ദേശീയതലത്തിൽ കിട്ടിയ അംഗീകാരവും വികസനാസൂത്രണത്തിന്റെ കേന്ദ്രബിന്ദുവായ നീതിആയോഗിന്റെ സംയോജനപ്രവർത്തനത്തിൽ ഗവർണർമാരുടെ പങ്കിനെപ്പറ്റി രാഷ്ട്രപതിയും പ്രധാനമന്ത്രിയും എടുത്തുപറഞ്ഞത് ബംഗാളിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണെന്ന് വിലയിരുത്തപ്പെടുന്നു.
എംപി ഫണ്ടുപോലെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഗവർണർമാർക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന ഗവർണർ ആനന്ദബോസിന്റെ അഭിപ്രായത്തിനും ചർച്ചകളിൽ സ്വീകാര്യത ലഭിച്ചു.