വാട്സാപ്പിൽ ഇനി ദൈർഘ്യം കൂടിയ വീഡിയോകൾ സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ കഴിയില്ല. ഇന്ത്യയിൽ സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന വീഡിയോകളുടെ സമയ ദൈർഘ്യം വാട്സാപ്പ് പരിമിതപ്പെടുത്തി. വാബീറ്റ ഇൻഫോ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ വാട്സാപ്പ് യൂസർമാർക്ക് മാത്രയാണ് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സ്റ്റാറ്റസ് ഡ്യൂറേഷനിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഐഫോണിലും ഐഒഎസിലും ഈ ഫീച്ചർ ലഭിച്ചുതുടങ്ങി. മറ്റുള്ള ഉപയോക്താക്കളിലേക്ക് ഘട്ടം ഘട്ടമായാണ് ഇതെത്തുക.
മുൻപ് വാട്സാപ്പ് യൂസർമാർക്ക് സ്റ്റാറ്റസായി 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇനി മുതൽ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പിൽ 15 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ സ്റ്റാറ്റസ് ആയി അപ്പ്ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ 15 സെക്കൻഡിൽ കൂടുതൽ ദൈർഘ്യമുള്ള ഏത് വീഡിയോയും ക്രോപ്പ് ചെയ്യാൻ ഇനിമുതൽ വാട്സാപ്പ് യൂസറിനോട് ആവശ്യപ്പെടും, അതിനുശേഷം മാത്രമേ അത് സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യാൻ കഴിയൂ.
കൊറോണ വൈറസ് വ്യാപനം മൂലമുള്ള ലോക്ക് ഡൗണിനെ തുടർന്ന് ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗം പതിവിലും കൂടുതലാണ്. ആളുകൾ വീടുകളിൽ ഇരിക്കുന്നതും വർക്ക് ഫ്രം ഹോം രീതിയിലുള്ള ജോലികൾ വർധിച്ചതും ഇന്റർനെറ്റ് ഡൗൺ ആക്കുന്നുണ്ട്. വീഡിയോയ്ക്ക് കൂടുതൽ ഡാറ്റയും ആവശ്യമാണ്. ഇതോടെയാണ് വീഡിയോ ദൈർഘ്യം വാട്സാപ്പ് വെട്ടിക്കുറച്ചത്. കൊറോണ വൈറസ് ഭീതി ഒഴിഞ്ഞാൽ മാത്രമേ വീഡിയോ ദൈർഘ്യം കൂട്ടുകയുള്ളൂവെന്നും വാട്സാപ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെ കോവിഡ്-19 പ്രതിസന്ധി മൂലം വാട്സാപ്പിൽ യൂസർമാരുടെ വർധനവുണ്ടായി എന്ന് ഗ്ലോബൽ റിസർച്ച് കമ്പനിയായ കാന്താർ അറിയിച്ചിരുന്നു. വാട്സാപ്പ് 27 ശതമാനം ഉപയോക്താക്കളുടെ വർധനവാണ് കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. മധ്യഘട്ടത്തിൽ 41 ശതമാനവും കൊറോണ വൈറസ് വ്യാപനത്തിന്റെ അവസാനഘട്ടത്തിൽ രാജ്യങ്ങളിൽ വാട്സാപ്പിന്റെ ഉപയോഗം 51 ശതമാനവും വർധിച്ചു.
ഡാറ്റ ഉപയോഗം കൂടുകയും ഓണ്‍ലൈനിലെത്തുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ എച്ച്ഡി, അൾട്രാ എച്ച്ഡി വീഡിയോ കണ്ടൻ്റുകൾ താത്കാലികമായി നിർത്താൻ ഫേസ്ബുക്ക്, യൂട്യൂബ്, വൂട്ട്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ തുടങ്ങിയവ നേരത്തെ തീരുമാനിച്ചിരുന്നു.