കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്പോൾ ഗൂഡാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. എന്നാൽ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. പ്രോസിക്യൂഷന്‍റെ വീഴ്ചകളെ കോടതി കടുത്ത ഭാഷയിൽ വിമര്‍ശിക്കുന്നുണ്ട്. ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
സമര്‍പ്പിക്കപ്പെട്ട തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണ് എന്ന് കോടതി വ്യക്തമാക്കി. വിധി പകര്‍പ്പിൽ 300 പേജുകളില്‍ ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്നാണ് കോടതി വിശദീകരിക്കുന്നത്. മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല. ദിലീപിന്‍റെ വീട്ടിൽ വച്ച് പൾസര്‍ സുനിയുമായി ഗൂഢാലോചന നടത്തി എന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഒന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.





























