കൊച്ചി : മസാലബോണ്ട് കേസിൽ ഇ.ഡി സമൻസിനെ ഭയക്കാതെ മറുപടി നൽകിക്കൂടേയെന്ന് കിഫ്ബിയോട് ഹൈക്കോടതി. പ്രാഥമിക അന്വേഷണത്തിനാണ് ഇ.ഡി രേഖകൾ ആവശ്യപ്പെട്ടത്. അറസ്റ്റോ മറ്റു നടപടികളോ അല്ല. മറുപടി നല്കാതെ കോടതിയെ സമീപിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും കോടതി പറഞ്ഞു. തുടർന്ന് ഇ.ഡിയുടെ സത്യവാങ്മൂലത്തിന് മറുപടി നല്കാൻ കിഫ്ബി സമയം തേടി. ഇ.ഡി സമൻസിനെതിരെ കിഫ്ബിയും സി.ഇ.ഒ കെ.എം. എബ്രഹാമും നല്കിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.
ആറാം തവണയാണ് ഇ.ഡി സമൻസ് അയച്ചതെന്നും രണ്ടുവർഷം മുമ്പ് ഓഫീസ് റെയ്ഡ് ചെയ്‌തെന്നും കിഫ്ബി അഭിഭാഷകൻ ബോധിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ചോദിക്കാതെ പഴയ നിർദ്ദേശങ്ങൾ ആവർത്തിക്കുന്നത് പീഡനമാണെന്നും പറഞ്ഞു. പ്രമുഖർ ഉൾപ്പെട്ട നൂറിലേറെ കേസുകൾ തങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നില്ലെന്നും ഇ.ഡി ബോധിപ്പിച്ചു.