മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും. സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ഉടനടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഔദ്യോഗികമായി പരാതി നല്‍കി. വിദ്യാര്‍ത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതിനോടൊപ്പം കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.
വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉടന്‍ കണ്ടെത്താനും അവ ബ്ലോക്ക് ചെയ്യാനും ഇന്‍റര്‍നെറ്റില്‍ നിന്ന് ഈ ചിത്രങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാനും അടിയന്തര സൈബര്‍ പോലീസ് നടപടി വേണമെന്ന് എസ്.പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍ ഉടനടി അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഡിവൈ.എസ്.പിമാര്‍ക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെയും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നത് വരെയും ശക്തമായ നിയമ-വിദ്യാര്‍ത്ഥി പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് പരാതി നല്‍കിയ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.































