ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരായ ഷഹീന്‍ ഖാന്‍, നാഫിസ എന്നിവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. മുഖ്യമന്ത്രി രേഖ ഗുപ്തയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുമ്പോഴാണ് രണ്ട് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ദക്ഷിണ ഡൽഹിയിലെ സാകേത് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച സൗത്ത് ഡല്‍ഹിയിൽ സാകേത് മാക്‌സ് ഹോസ്പിറ്റലിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
തങ്ങള്‍ മുസ്‌ലിമാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് മര്‍ദനമുണ്ടായതെന്ന് ഇരുവരും ആരോപിച്ചു. ഡല്‍ഹി സര്‍ക്കാരിനെയും മുഖ്യമന്ത്രി രേഖ ഗുപ്തയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയതാണ് പ്രകോപനത്തിന് കാരണമെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കുറിച്ച് ചോദ്യം ചോദിക്കുകയായിരുന്നു ഷഹീനെന്നും ഈ സമയം ഡല്‍ഹി പൊലീസ് അവരെ വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചുവെന്നും അവരുടെ മാധ്യമസ്ഥാപനമായ ഫോർ പിഎം ന്യൂസ് നെറ്റ്‌വര്‍ക്ക് എക്‌സിലെ കുറിപ്പിൽ ആരോപിക്കുന്നു. പേര് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയെന്നും അതില്‍ ഖാന്‍ ഉണ്ടെന്ന് മനസിലാക്കിയതോടെ തനിക്കെതിരെയുള്ള അതിക്രമത്തിന്റെ കാഠിന്യം കൂടിയെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.































