ആലപ്പുഴ : ആറ് മണിക്കൂറിനിടെ രണ്ട് ഡസന്‍ മുട്ടയിട്ട് വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ച് കോഴി. ആലപ്പുഴ പുന്നപ്ര സ്വദേശി ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് മുട്ടകളിട്ട് പ്രശസ്തയായത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലായിരുന്നു ചിന്നു എന്ന് ബിജുകുമാറിന്റെ മക്കള്‍ വിളിക്കുന്ന കോഴി 24 മുട്ടകളിട്ടത്. ചിന്നു ഇന്നലെ മുടന്തി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബിജുകുമാര്‍ തൈലം പുരട്ടി ഇതിനെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ കോഴി മുട്ടയിടാന്‍ തുടങ്ങി. അസാധാരണമായ ചിന്നുവിന്റെ മുട്ടയിടല്‍ വാര്‍ത്തയറിഞ്ഞ് നാട്ടുകാരും കാണാനെത്തി.
ആളുകള്‍ തടിച്ചുകൊടുമ്പോഴും ചിന്നു മുട്ടയിട്ട് കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചിന്നുവിന്റെ മുട്ടയിടല്‍ അവസാനിച്ചത്. ഏഴ് മാസം മുമ്പാണ് ചിന്നു ഉള്‍പ്പടെ 23 കോഴികളെ ബിജുകുമാര്‍ ബാങ്കില്‍ നിന്നും വായ്‍പയെടുത്ത് വാങ്ങിയത്. ഇത്രയും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും മുട്ടകള്‍ എങ്ങനെ കോഴി ഇട്ടു എന്ന് കണ്ടെത്തണമെങ്കില്‍ ശാസ്ത്രീയ പഠനം നടത്തേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.





























