പന്തളം : ടാറിങ് കഴിഞ്ഞെങ്കിലും ആനയടി-കൂടൽ റോഡിന്റെ പണി ബാക്കിയാണ്. പ്രധാന ടാറിങ് കഴിഞ്ഞ് ഇരുവശത്തുമുള്ള അരികുകളാണ് യാത്രക്കാർ അപകടത്തിൽപ്പെടുന്ന തരത്തിൽ കുഴികളായി കിടക്കുന്നത്. അരികിലെ മണ്ണൊലിച്ചും ചിലഭാഗങ്ങൾ റോഡിനേക്കാൾ വളരെ താഴ്ന്നും കിടക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ടാറിങ് കഴിഞ്ഞതോടെ പിന്നീടുള്ള പണികളൊന്നും കാര്യമായി നടക്കുന്നില്ല. 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ട റോഡിലാണ് ഇനിയും പണികൾ ബാക്കിയുള്ളത്. ടാറിങ് കഴിഞ്ഞ റോഡിൽ ഇനിയും വേണ്ടത് മുന്നറിയിപ്പ് ബോർഡുകൾ അപകടം ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയാണ്.
റോഡ് ഉയർത്തി ടാറിങ് നടത്തിയതോടെ റോഡിന്റെ രണ്ട് അരികും താഴ്ന്നുകിടക്കുകയാണ്. വാഹനം അറിയാതെ അരികിലേക്ക് നീങ്ങിയാൽ നിയന്ത്രണംനിട്ട് മറിയും. കുടിവെള്ള പൈപ്പ് പൊട്ടിയ ഭാഗം ഇടയ്ക്ക് കുഴിച്ചിട്ടിട്ടുണ്ട്. ജനങ്ങളുടെ പരാതി പരിഹരിക്കാനായി ടാറിങ് നടത്തിയെങ്കിലും സംരക്ഷണഭിത്തിയുൾപ്പെടെയുള്ള പണി നടക്കുന്നതേയുള്ളൂ. യന്ത്രസാമഗ്രികളുപയോഗിച്ചാണ് പണി നടത്തുന്നതെങ്കിലും പണി ഇഴഞ്ഞാണ് നീങ്ങുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിലെ യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന റോഡാണ് ഇത്.