കോഴിക്കോട് : സപ്ലൈകോ സ്കൂള്‍ കുട്ടികള്‍ക്ക് കൊടുത്ത സൗജന്യഭക്ഷ്യകിറ്റില്‍ പുഴുവും കീടങ്ങളുമെന്ന് പരാതി. വടകര എം.ജെ ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികളില്‍ ചിലര്‍ക്കാണ് ഉപയോഗ ശൂന്യമായ സാധനങ്ങളടങ്ങളടങ്ങിയ കിറ്റ് കിട്ടിയത്. വന്‍പയറിന്റയും തുവരയുടെയും പായ്ക്കറ്റിനുള്ളില്‍ നിറയെ ചെറുപ്രാണികളും പുഴുക്കളുമാണെന്ന് കണ്ടെത്തി. കടല, റാഗി എന്നിവയുടെ കവറിലിലും ധാരാളം കീടാണുക്കള്‍. ചെറുപയറാകട്ടെ പൊടിഞ്ഞുതുടങ്ങി.
നനഞ്ഞ് അലിഞ്ഞു പോയ പഞ്ചസാരയാണ് കിറ്റിലുള്ളത്. മെയ് മാസത്തില്‍ പായ്ക്ക് ചെയ്തതാണ് കിറ്റിലെ ഗോതമ്പുപൊടി. അതേസമയം ഒരാഴ്ചയ്ക്കുള്ളിലാണ് 614 കിറ്റുകള്‍ സപ്ലൈകോ എത്തിച്ചതെന്നും അത് അതേപടി വിതരണംചെയ്യുക മാത്രമാണ് ചെയ്തതെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ സപ്ലൈകോയുടെ വില്യാപ്പിള്ളി സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ സ്കൂളുകളിലെത്തി മോശമായ കിറ്റുകള്‍ തിരിച്ചെടുത്തു.