ശബരിമല : ‘ഹരിവരാസനം’ മലയാളിക്ക് സമ്മാനിച്ച ശബ്ദാനുഭൂതിയുടെ ഉടമ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി ശബരിമലയില്‍ വെള്ളിയാഴ്ച ഗണപതിഹോമവും പൂജയും നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാംസ്‌കാരിക സംഘടന തിടമ്പിന്റെ നേതൃത്വത്തിലാണ് സന്നിധാനത്ത് വഴിപാടുകള്‍ നടത്തിയത്. യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ നിന്ന് നെയ്മുദ്ര നിറച്ച് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രോഹിത്തിന്റെ കൈവശം കൊടുത്തയയ്ക്കുകയും ചെയ്തു. ഇത് വെള്ളിയാഴ്ച ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. രാവിലെ നെയ്യഭിഷേകവും അദ്ദേഹത്തിന്റെ പേരില്‍ നടന്നു. ഗാനഗന്ധര്‍വനും കുടുംബവും നിലവില്‍ മൂകാംബികയിലാണ്.
ശബരിമല ഉറങ്ങുന്നത് ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദം കേട്ടുകൊണ്ടാണ്. യേശുദാസിന്റെ 80-ാം പിറന്നാള്‍ വേളയിലും അയ്യപ്പഭക്തര്‍ക്ക് നിര്‍വൃതിയായി ഹരിവരാസനം ശബരീശ സന്നിധിയില്‍ മുഴങ്ങുന്നു. തിടമ്പ് വൈസ് പ്രസിഡന്റ് വി പ്രിയദര്‍ശനകുമാര്‍, ദേവസ്വംബോര്‍ഡ് പി.ആര്‍.ഒ സുനില്‍ അരുമാനൂര്‍, റോബിന്‍, വിനോദ്, അനില്‍കുമാര്‍, വിജയകുമാര്‍, ഉദയന്‍ മുഖത്തല, മാധവന്‍പിള്ള എന്നിവര്‍ സോപാനത്ത് എത്തിയാണ് പൂജകള്‍ കഴിപ്പിച്ചത്. രോഹിത് പൂജിച്ച പ്രസാദം ഗാനഗന്ധര്‍വ്വനുവേണ്ടി ഏറ്റുവാങ്ങി.