പത്തനംതിട്ട : ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍, വീഡിയോ സ്ട്രിംഗര്‍ പാനലുകള്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം.
—
ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് >>> വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി ജോലി ചെയ്തവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ആരോപണ വിധേയരോ അച്ചടക്ക നടപടി നേരിട്ടവരോ ആകരുത്. അപേക്ഷകര്‍ തങ്ങളുടെ പരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റും തങ്ങള്‍ക്കെതിരെ കേസുകള്‍ ഇല്ലെന്ന് സംബന്ധിച്ച രേഖയും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് കാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രം എടുക്കാനാകണം. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പരിശോധനയ്ക്കും അഭിമുഖത്തിനും പ്രായോഗികപരീക്ഷയ്ക്കും എത്തുന്നവര്‍ കാമറയും അനുബന്ധ ഉപകരണങ്ങളും അസല്‍ രേഖകളും ഹാജരാക്കണം.
ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന രണ്ടു പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലം. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡേറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സ്വന്തമായുള്ള കാമറയുടെ വിവരങ്ങളും സഹിതം 2026 ജൂണ്‍ 20 വൈകിട്ട് അഞ്ചിനുള്ളില്‍ പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരിക രേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/ പാസ്‌പോര്‍ട്ട്) പകര്‍പ്പ്, മുമ്പ് എടുത്തതോ പ്രസിദ്ധീകരിച്ചതോ ആയ മൂന്ന് ഫോട്ടോകളുടെ പ്രിന്റ് / പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോകോപ്പി എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തണം. വിലാസം – ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട – 689645. ഫോണ്‍ – 0468 2222657.
വീഡിയോ സ്ട്രിംഗര്‍ പാനലിലേക്ക് >>> പ്രീഡിഗ്രി/ പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം. പി.ആര്‍.ഡിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ കാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം.
വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും വാര്‍ത്താ അവബോധവും ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം. ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പില്‍ ഉണ്ടായിരിക്കണം.
സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന്‍, സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ (മറ്റ് സാമൂഹിക മാധ്യങ്ങള്‍ ഉള്‍പ്പെടെ) വീഡിയോ നല്‍കണം. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പരിശോധനയ്ക്കും അഭിമുഖത്തിനും പ്രായോഗികപരീക്ഷയ്ക്കും എത്തുന്നവര്‍ കാമറയും അനുബന്ധ ഉപകരണങ്ങളും അസല്‍ രേഖകളും ഹാജരാക്കണം. ജില്ല ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ പരിധിയില്‍ 1200 രൂപയും അതിന് മുകളിലേക്ക് 1500 രൂപയുമാണ് പ്രതിഫലം.
ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപണ വിധേയരോ ക്രിമിനല്‍ പാശ്ചാത്തലമുളളവരോ ആകരുത്. അപേക്ഷകര്‍ താമസപരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റും തങ്ങള്‍ക്കെതിരെ കേസുകളില്ലെന്ന് സംബന്ധിച്ച രേഖയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി/ പെന്‍ഡ്രൈവ്, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക എന്നിവ ഹാജരാക്കണം. 2026 ജൂണ്‍ 20 വൈകിട്ട് അഞ്ചിനുള്ളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട – 689645. വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 0468 2222657.































