പത്തനംതിട്ട : പുതിയ തലമുറ സ്വന്തം നാടിനായി ആശയങ്ങളെ ഉപയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ – ഡിസ്‌ക്) ഡിസ്ട്രിക്ട് ഇന്നോവേഷന്‍ കൗണ്‍സില്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ നടത്തിയ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021 ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ തിരുവല്ല മാര്‍ത്തോമ കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ -ഡിസ്‌ക് എന്ന പേരില്‍ രൂപം കൊണ്ടിട്ടുള്ളത് നൂതന ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഒരു സംവിധാനമാണ്. ഈ സംവിധാനത്തെ കേരളത്തിന്റെ വിഭവ ശേഷിയെ എങ്ങനെ പ്രയോജനപ്പെടുത്താം എങ്ങനെ വിപുലീകരിക്കാം എന്നുള്ള ആലോചനയിലാണുള്ളത്. മാനവ വിഭവശേഷിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. മനുഷ്യവിഭവ ശേഷിയെ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് ഏറ്റവും ഗൗരവകരമായ കാര്യം.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലാണ് ഇത്തരത്തിലുള്ള ഇന്നൊവേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. കേരള സര്‍ക്കാര്‍ വളരെ പ്രധാനപ്പെട്ട ആശയങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണിത്. കഴിവുകളിലും കര്‍മശേഷിയിലും നാം ഒട്ടും പുറകിലല്ല. ലോകത്ത് ഏത് രാജ്യം നോക്കിയാലും എവിടെയും മലയാളിയുടെ സ്പര്‍ശം, ബൗദ്ധിക ഇടപെടല്‍ ഒക്കെയും ഉണ്ടാകും.
ആതുരസേവന രംഗത്തായാലും വിദ്യാഭ്യാസ രംഗത്തായാലും ഏത് വിഭാഗത്തില്‍ ആയാലും മലയാളിയുടെ സേവനം എല്ലായിടത്തും പ്രത്യക്ഷമാണ്. ഈ ഇടപെടല്‍ കേരളത്തില്‍ മതിയായി ലഭ്യമാകുന്നില്ല എന്ന് മനസിലാക്കി. ഈ കുറവ് നികത്തുന്നതിനായി ലോക കേരള സഭ എന്നൊന്ന് രൂപീകരിച്ചു. മുഖ്യമന്ത്രി മുന്‍കൈ എടുത്താണ് ഇത്തരത്തിലൊരു കൂട്ടായ്മ രൂപീകരിച്ചത്.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളായ ശാസ്ത്ര – സാങ്കേതിക വിദ്യയുടെ രംഗത്തും മറ്റ് വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ സഭ രൂപീകരിച്ച് അവരുടെ കഴിവുകള്‍ കേരളത്തിന്റെ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ലോക കേരള സഭയിലൂടെ മനസിലാക്കി. ഇതിനേത്തുടര്‍ന്ന് ധാരാളം ആളുകള്‍ കേരളത്തില്‍ തിരിച്ചെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. ഇപ്പോള്‍ ബുദ്ധി ഒരു ചരക്കായി മാറിയിട്ടുണ്ട്.
ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന അവകാശം പോലെ ബുദ്ധിക്കും അവകാശം ഉണ്ടായി ബൗദ്ധിക സ്വത്തവകാശം എന്ന് അറിയപ്പെട്ടു. കഴിവുകളെ നാടിനായി പ്രയോജനപ്പെടുത്തണം. നൂതന ആശയങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകണം. കഴിവുകളെ അംഗീകരിച്ച് മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഡെവലപ്പ്മെന്റ് പ്രഫഷണല്‍ ബീനാ ഗോവിന്ദന്‍, മാര്‍ത്തോമാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വറുഗീസ് മാത്യു, ജില്ലാ ഇന്നോവേഷന്‍ കൗണ്‍സില്‍ അംഗം റെയ്സണ്‍ സാം രാജു, കെ ഡിസ്‌ക് പ്രോഗ്രാം എക്സിക്യൂട്ടീവുകളായ ജിന്റോ സെബാസ്റ്റ്യന്‍, എസ്.ഒ ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
































