ഇരിങ്ങാലക്കുട: യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മൂത്രത്തിക്കര ഇട്ടിയാടന്‍ വീട്ടില്‍ ബിനീഷിനെയാണ് (27) ഡിവൈ.എസ്. പി ഫെയ്മസ് വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.
സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശിനിയാണ് ആത്മഹത്യ ചെയ്തത്. പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ അബോര്ഷന് നടത്തിയെന്നും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നുമാണ് പരാതി.
പ്രതിക്ക് മറ്റു പല യുവതികളുമായും ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒളിവിലായിരുന്ന ലോറി ഡ്രൈവറായ പ്രതി ഇതര സംസ്ഥാന ലോറി കമ്പനിയില്‍ ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ അന്വേഷണ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഇരിങ്ങാലക്കുട എസ്.ഐ അനൂപ്, എ.എസ്.ഐ ജെയ്സന്, സി.പി.ഒമാരായ അനൂപ് ലാലന്, വൈശാഖ് മംഗലന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.