ഇറ്റാവ : സ്വത്തുതർക്കത്തിന്‍റെ പേരിൽ സഹോദരിയേയും മൂന്ന് വയസുകാരിയായ മകളേയും വെടിവെച്ച് കൊലപ്പെടുത്തി യുവാവ്. ഞായറാഴ്ച രാത്രി ഉത്തർപ്രദേശിലെ ഇറ്റാവയിൽ മഹേര ചുംഗി പ്രദേശത്താണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫീസർ ലവ്കുഷ് ചൗഹാന്‍റെ മകൻ ഹർഷവർദ്ധൻ ആണ് തന്‍റെ സഹോദരി ജ്യോതി(40)യേയും മൂന്ന് വയസ്സുള്ള മരുമകൾ താഷുവിനെയും കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി വെടിയൊച്ച കേട്ട് വീട്ടുകാർ മുറിയിലേക്ക് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയും മകളെയും കണ്ടതെന്ന് എസ്എസ്പി സഞ്ജയ് കുമാർ വർമ പറഞ്ഞു. സംഭവസമയത്ത് ജ്യോതിയുടെ അച്ഛൻ ലവ്കുഷ് ചൗഹാൻ വീടിന്‍റെ ഒന്നാം നിലയിലും ജ്യോതി, ഭർത്താവ് രാഹുൽ, മകൾ തഷു, പ്രതിയായ ഹർഷവർദ്ധന്‍റെ ഭാര്യ എന്നിവർ താഴത്തെ നിലയിലുമാണ് ഉണ്ടായിരുന്നത്.
തന്‍റെ രണ്ട് മക്കളുമായി മുറിയിലെത്തിയ ഹർഷവർധൻ ഇവരുടെ മുന്നിൽവെച്ചാണ് ജ്യോതിക്കും തഷുവിനും നേരെ വെടിയുതിർത്തത്. ജ്യോതിയുടെ ഭർത്താവായ രാഹുലിന് നേരെയും വെടിയുതിർത്തെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ജ്യോതിയും മകളും സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. 2019-ൽ ആണ് ജ്യോതിയും രാഹുലും വിവാഹതിരാകുന്നത്. പിതാവിനെ പരിചരിക്കുന്നതിനായി ജ്യോതി കഴിഞ്ഞ മൂന്ന് വർഷമായി ചൗഹാനൊപ്പം താമസിച്ചു വരികയായിരുന്നു. ഭർത്താവ് രാഹുൽ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. അടുത്തിടെ ചൗഹാൻ തന്‍റെ വീടും കൃഷിയിടവും ജ്യോതിയുടെ പേരിൽ മാറ്റിയിരുന്നു. ഹർഷവർദ്ധനും സഹോദരിയും തമ്മിൽ ഇതിനെ തുടർന്ന് പ്രശ്‌നങ്ങളുണ്ടായി. വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതിനിടെയിലാണ് ഞായറാഴ്ട രാത്രി തോക്കുമായെത്തി പ്രതി സഹോദരിയേയും കുഞ്ഞിനെയും വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഹർഷവർദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് തോക്ക് എങ്ങനെ കിട്ടിയെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.