കോട്ടയം : മാന്നാനത്ത് കത്തിക്കരിഞ്ഞ ഓട്ടോ റിക്ഷയ്ക്കകത്ത് യുവാവിനെ വെന്തു മരിച്ചനിലയില്‍ കണ്ടെത്തി. വില്ലൂന്നി ചക്കാലയില്‍ പുത്തന്‍പറമ്പ് സ്വദേശി അനന്തകൃഷ്ണന്‍ (35) ആണ് മരിച്ചത്. തുരുത്തേപാടത്തിന് സമീപമാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് ഓട്ടോ റിക്ഷ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കോട്ടയം പുതുപ്പള്ളി റോഡില്‍ മക്രോണിപാലത്തിന് താഴെ റോഡില്‍ പാര്‍ക് ചെയ്ത നിലയിലായിരുന്നു വാഹനം ഉണ്ടായിരുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ ഫയര്‍ ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി തീ അണച്ചപ്പോഴാണ് വാഹനത്തിലുള്ളില്‍ ഡ്രൈവിങ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
യുവാവ് പുതുതായി വാങ്ങിയ ഓട്ടോ റിക്ഷയാണിത്. മാന്നാനം സ്‌കൂള്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച അനന്തകൃഷ്ണന്‍. വില്ലൂന്നി സ്വദേശിയായ യുവാവ് മാന്നാനത്ത് ഭാര്യ വീട്ടിലായിരുന്നു താമസം. വായ്പാകുടിശികയും കുടുംബ പ്രശ്നങ്ങളെയും തുടര്‍ന്ന് യുവാവ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.