തിരുവനന്തപുരം : യുവാവിനെ വീട്ടില്‍ പൂട്ടിയിട്ട ശേഷം പണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അടിമലത്തുറ പുറംപോക്ക് പുരയിടത്തില്‍ സോണി (18) യാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയാണ് യുവാവ്. കടയിലെത്തിയ അടിമലത്തുറയിലെ യുവതിയുമായി പരിചയത്തിലായ ഇയാള്‍ അവര്‍ക്ക് വാട്സാപ്പില്‍ മെസേജ് അയക്കാറുണ്ടായിരുന്നു. യുവതിയുടെ ഫോണ്‍ ഭര്‍ത്താവിന്റെ പക്കലായിരുന്നു. ഭര്‍ത്താവ് യുവാവിന് ഭാര്യയെന്ന രീതിയില്‍ സന്ദേശങ്ങളയച്ചു. വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
ക്ഷണപ്രകാരം വീട്ടിലെത്തിയ യുവാവിനെ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളായ സോണിയും മറ്റൊരാളും ചേര്‍ന്ന് മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ഒരുലക്ഷം രൂപയും കാറും നല്‍കിയാല്‍ വീടാമെന്നും പറഞ്ഞു. ഒരു ദിവസം മുഴുവനും ഇവിടെ പൂട്ടിയിട്ടതോടെ തന്റെ കൈയിലുള്ള പതിനായിരം രൂപ യുവാവ് നല്‍കി. ബാക്കി തുക സുഹൃത്തുക്കളില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെയും സംഘത്തെയും കൂട്ടി തന്റെ കാറില്‍ യുവാവ് കഴക്കൂട്ടത്തേക്ക് തിരിച്ചു. കാര്‍ വിഴിഞ്ഞത്തെത്തിയപ്പോള്‍, വാഹനം നിര്‍ത്തി ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.