വിജയവാഡ : വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരനെ വിളിച്ചുവരുത്തി കഴുത്തറുത്ത് യുവതി. സര്‍പ്രൈസ് ഗിഫ്റ്റ് നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി, കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ട യുവതി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാത്തിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
പുഷ്പ എന്ന യുവതിയാണ് പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. ആന്ധ്രയിൽ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നൽകി. ഇതോടെ താൻ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. യുവതിയുടെ പെട്ടന്നുള്ള നടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവാഹത്തിന് താൽപര്യമില്ലെന്ന് യുവതി നേരത്തേ തന്നെ കുടുംബത്തെ അറിയിച്ചതാണ്. എന്നാൽ ഇതുവകവെയ്ക്കാതെയാണ് വീട്ടുകാര്‍ രാമനായിഡുവുമായി പുഷ്പയുടെ വിവാഹം തീരുമാനിച്ചത്. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിൽ ഒടുവിൽ പുഷ്പ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.