പത്തനംതിട്ട : നബിദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശബരിമല തീർത്ഥാടന പാതയിൽ അയ്യപ്പഭക്തർക്കും തീർത്ഥാടകർക്കും അന്നദാനവും ട്രൈബൽ മേഖലയിലെ ആദിവാസി ഊരുകളിലെ മുഴുവൻ വീടുകളിലും ഭക്ഷ്യസാധനങ്ങളുടെ വിതരണവും നടത്തി. ശബരിമല പാതയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തർക്കും തീർത്ഥാടകർക്കുമാണ് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അന്നദാന വിതരണം ഉദ്ഘാടനം ചെയ്തു. ഇതിനോടൊപ്പം വനമേഖലയിലെ ആദിവാസി ഊരുകളിലെ മുഴുവൻ വീടുകളിലും ഭക്ഷ്യസാധനങ്ങൾ നേരിട്ടെത്തിച്ച് വിതരണവും ചെയ്തു. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം സംഘടിപ്പിച്ചതെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
നബിദിനം മുന്നോട്ടുവെയ്ക്കുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പ്രവർത്തനങ്ങളിലൂടെ പകർന്നുനൽകുകയാണ് ലക്ഷ്യമെന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സാമൂഹിക പ്രവർത്തകരും അന്നദാനത്തിലും ഭക്ഷ്യവിതരണത്തിലും പങ്കെടുത്തു. ശബരിമല പാതയിലും ആദിവാസി ഊരുകളിലും നടന്ന പ്രവർത്തനങ്ങൾ ജനങ്ങളുടെ വലിയ ശ്രദ്ധ നേടി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ മനു തയ്യിൽ, ഷെമീർ തടത്തിൽ, അംബരീഷ് തട്ട, സുഹൈൽ നജീബ്, കണ്ണൻമാരി, പ്രേം സാഗർ, ഫ്രിബിൻ ഫ്രാൻസിസ്, സുമേഷ് ആങ്ങമൂഴി, രതീഷ് മടന്തമണ്ണിൽ എന്നിവർ അന്നദാനത്തിലും ഭക്ഷ്യവിതരണത്തിലും പങ്കെടുത്തു.































