എറണാകുളം : പി എസ് സി നിയമനം കാത്തിരുന്ന് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനു എന്ന ഉദ്യോഗാർഥി കേരള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രതിനിധിയാണെന്ന് കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ജിസൺ ജോർജ് പറഞ്ഞു. എസ്എസ്എൽസി പോലും പാസ്സാകാത്ത തട്ടിപ്പുകാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകുകയും, തെരഞ്ഞെടുപ്പിൽ തോറ്റവർക്ക് ക്യാബിനറ്റ് റാങ്ക് നൽകുകയും പരീക്ഷയിൽ തോറ്റവർക്ക് ഒന്നാംറാങ്ക് നൽകുകയും ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കാട്ടാള ഭരണമാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മിറ്റി തിരുവോണനാളിൽ എറണാകുളം റീജണൽ പി എസ് സി ഓഫീസിനു മുന്നിൽ കരിദിനത്തോടനുബന്ധിച്ച് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കരിയുടെ അധ്യക്ഷതയിൽ നടന്ന ഉപവാസ സമരത്തിൽ കെ ടി യു സി എം ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് തൃക്കാക്കര, നിയോജകമണ്ഡലം പ്രസിഡന്റ് ജോബ് പുത്തിരിക്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന്തോഷ്, ആന്റണി നെല്ലിശ്ശേരി, ജോക്സ് പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.