വയനാട് : പുലർച്ചെ ഉണരുന്ന ഗ്രാമമായിരുന്നു മിക്കവരും ക്ഷീരകർഷകർ. പാലുവിറ്റാണ് ജീവിക്കുന്നത്. ഇപ്പോൾ എല്ലാം പോയി. കടുവ ഇറങ്ങിയതോടെ പുലർച്ചെ തൊഴുത്തിൽ പോവാൻ പറ്റാതായി. നേരം വെളുത്താലും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പേടിയാണ്. കറവ വൈകിയതോടെ പാലിന്റെ അളവു കുറഞ്ഞുതുടങ്ങി – കുറുക്കൻമൂല തെനംകുഴിയിൽ ജിൽസ് പറയുന്നു. 20 ദിവസമായി നാട്ടിലിറങ്ങി ഭീതിപരത്തുന്ന കടുവ ജിൽസിന്റെ മൂന്ന് ആടുകളെയാണ് കൊന്നത്. ബാക്കിയുള്ളവയെ കാർഷെഡിൽ ഷട്ടറിട്ടും മറ്റും ഇമതെറ്റാതെ കാവലിരിക്കുകയാണ് ജിൽസ്. അദ്ദേഹത്തിന്റേതുൾപ്പെടെ ആടുകളും പശുക്കളുമായി 17 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.
മാനന്തവാടി നഗരസഭയുടെ ഭാഗമായ കുറുക്കൻമൂല, പയ്യമ്പള്ളി, പുതിയിടം, ചെറൂർ, കൊയിലേരി തുടങ്ങിയ എട്ടുഗ്രാമങ്ങളാണ് ഭീതിയുടെ നിഴലിൽ കഴിയുന്നത്. ഉറക്കമില്ലാതെ കാവലിരിക്കുന്ന നാട്ടുകാർ, നേരത്തേ ആളൊഴിയുന്ന കവലകൾ, വീട്ടിനകത്തുപോലും പേടിയോടെ പുലരുന്ന രാത്രികൾ. ഇത്രയുമാണ് ഇവിടങ്ങളിലെ ഇപ്പോഴത്തെ ജീവിതം. ഇതുപോലെ ഒരു വന്യമൃഗം വയനാട്ടിൽ ഇത്രയും ദിവസം നാട്ടിൽ തമ്പടിക്കുന്നതും വളർത്തുമൃഗങ്ങളെ പിടികൂടുന്നതും സമീപകാലത്ത് ആദ്യമായാണ്. 53 വയസ്സായ തന്റെ ഓർമയിൽ ഇതുപോലൊരു സംഭവമില്ലെന്ന് ജിൽസ് പറഞ്ഞു.
പേടിച്ചിട്ട് ജീവൻ പോലുമില്ലാത്ത അവസ്ഥയാണെന്ന് സമീപപ്രദേശമായ പുതിയിടത്തെ തടത്തിൽ മേരി ജോസഫ്. ഉറക്കം പോലുമില്ല. ആടുകളെയും പശുക്കളെയും വളർത്തിയാണ് ജീവിക്കുന്നത്. വയലിൽ കൊയ്ത്തിനു സമയമായി. പേടികാരണം ആരും പണിക്കിറങ്ങുന്നില്ല. തൊഴിലുറപ്പു പണികൂടി മുടങ്ങിയതോടെ പട്ടിണിയാവുമെന്നും മേരി. പറിക്കാൻ പറ്റാത്തതിനാൽ പ്രദേശത്താകെ കാപ്പി പഴുത്തുവീഴുകയാണെന്ന് പ്രദേശവാസിയായ സുരേന്ദ്രൻ. റബ്ബർ ടാപ്പിങ്ങും മുടങ്ങി. കുട്ടികളെ ധൈര്യമായി സ്കൂളിൽ വിടാനാവുന്നില്ല. നവംബർ 28 ന് മേഖലയിലെത്തിയ കടുവ ഒരു നാടിന്റെ ജീവിതമാകെ സ്തംഭിപ്പിച്ചിട്ടും ഇതുവരെ തുരത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല.
ഇറങ്ങിയ ദിവസംതന്നെ കാവേരിപ്പൊയിൽ ബാബുവിന്റെ പോത്തിനെയും മൂരിക്കിടാവിനെയും കടുവ കൊന്നു. പിന്നീട് മിക്ക ദിവസങ്ങളിലും വളർത്തുമൃഗങ്ങൾ കടുവയ്ക്കിരയായി. രണ്ടു കുങ്കിയാനകളുടെ സഹായത്തോടെ ഇരുനൂറോളം വരുന്ന വനംവകുപ്പ് സംഘമാണ് കടുവയെ തിരയുന്നത്. അഞ്ചു കൂടുകളും കെണിയൊരുക്കി സ്ഥാപിച്ചെങ്കിലും എല്ലാദിവസവും കടുവ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ജനവാസകേന്ദ്രങ്ങളിലെത്തുന്നുണ്ട്. അടച്ചുറപ്പില്ലാത്ത അറുപതോളം വീടുകളുള്ള പുതിയിടത്തെ കോളനിക്ക് സമീപമാണ് വെള്ളിയാഴ്ച പുലർച്ചെ കടുവയെത്തിയത്. വനം വകുപ്പിന് വീഴ്ചവന്നതായി ജനപ്രതിനിധികളുൾപ്പെടെ ആരോപണമുന്നയിച്ചതോടെ കടുവയെ തുരത്താനുള്ള നടപടികൾ വിവാദത്തിലായിട്ടുണ്ട്.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചും രാത്രിയാത്രകൾ നിയന്ത്രിച്ചും വൈദ്യുതി മുടക്കം ഒഴിവാക്കിയുമെല്ലാം യുദ്ധസന്നാഹത്തോടെയാണ് തിരച്ചിൽ. ഇതൊന്നും കൂസാതെയാണ് എല്ലാദിവസവും കടുവയെത്തുന്നത്. പിടികൂടാൻ വൈകുന്തോറും കൂടുതൽ ജനവാസമേഖലകൾ ഭീതിയിലാവുകയാണ്. എന്തു ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല, എങ്ങനെ ജീവിക്കുമെന്നും – പുതിയിടത്തെ സുരേന്ദ്രൻ പറഞ്ഞു. നാട്ടുകാരുടെ ക്ഷമകെട്ടു, പ്രതിഷേധം സംഘർഷം 20 ദിവസമായിട്ടും കടുവയെ പിടികൂടാൻ പ്രായോഗികമായി വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ വെള്ളിയാഴ്ച മേഖലയിൽ വനംവകുപ്പുദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ കൈയാങ്കളി. വെള്ളിയാഴ്ച പുലർച്ചെ പുതിയിടത്ത് കടുവയെ കണ്ടപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ടോർച്ചുപോലുമില്ലാതെയാണ് കുറച്ചു ജീവനക്കാർ വന്നതെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ ശീമക്കൊന്നയുടെ വടിയും മൊബൈൽ ഫോണുകളുമായാണ് തെരച്ചിൽ നടത്തിയത്. ഇക്കാര്യം നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാൽ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടെ ജീവനക്കാരിലൊരാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ജീവനക്കാരിലൊരാൾ അരയിൽനിന്ന് കത്തി വലിച്ചെടുത്ത് ജനക്കൂട്ടത്തിനേരേ തിരിയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വൻ വിവാദമായി. ഒ.ആർ. കേളു എം.എൽ.എ. ഉൾപ്പെടെയുള്ളവർ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരേ പ്രതിഷേധവുമായി സ്ഥലത്തെത്തി. നാട്ടുകാർ വഴിതടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.

































