പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി അഞ്ചു വിമാനങ്ങളില്‍ ബുധനാഴ്ച്ച പത്തനംതിട്ട ജില്ലക്കാരായ 78 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 53 പേര്‍ വീടുകളിലും ഒരാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ദമാം-കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ എട്ടു പുരുഷന്മാര്‍ എത്തി. ഇവരില്‍ അഞ്ചു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദുബായ്-കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ ആറു പേരാണു എത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും അഞ്ചുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. അബുദാബി-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ നാലു പുരുഷന്മാരെത്തി. ഇവര്‍ നാലുപേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ദോഹ-തിരുവനന്തപുരം വിമാനത്തില്‍ 14 സ്ത്രീകളും 12 പുരുഷന്‍മാരും ഉള്‍പ്പെടെ ജില്ലക്കാരായ 26 പേരാണെത്തിയത്. ഇവരില്‍ അഞ്ചുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും 20 പേരെ വീടുകളിലും ഒരാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ 11 സ്ത്രീകളും 17 പുരുഷന്മാരും ആറു കുട്ടികളും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 34 പേരാണെത്തിയത്. ഇവരില്‍ ഒന്‍പതുപേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു ഗര്‍ഭിണി അടക്കം 25 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ വിദേശങ്ങളില്‍ നിന്നുള്ള 103 പ്രത്യേക വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 1,187 പ്രവാസികളാണ് എത്തിയിട്ടുള്ളത്.