പത്തനംതിട്ട : കാർഷിക വായ്പകൾ, മുദ്ര ലോണുകൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവയുടെ അപാകതകൾ പരിഹരിക്കാൻ അദാലത്തുകൾ നടത്താൻ തീരുമാനം. ഒക്ടോബർ മാസം അവസാനവാരം ജില്ലയിൽ അദാലത്തുകൾ നടത്തും. ഇന്ന് നടന്ന ജില്ലാ ബാങ്കിംഗ് അവലോകന യോഗത്തിൽ ആന്റോ ആന്റണി എംപി മുന്നോട്ടുവച്ച നിർദ്ദേശമാണ് അംഗീകരിക്കപ്പെട്ടത്. സ്ഥിരമായി ഒരു വിദ്യാഭ്യാസ വായ്പ പോലും കൊടുക്കാത്ത ബാങ്കുകൾ ജില്ലയിലുണ്ട്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഈ ബാങ്കുകളെ പ്രത്യേകമായി ചർച്ചയ്ക്ക് വിളിക്കാനും നിർബന്ധമായും ഈ ബാങ്കുകൾ ലോൺ കൊടുക്കേണ്ടതാണെന്നും യോഗം തീരുമാനിച്ചു. ഏറ്റവും കൂടുതൽ ഡെപ്പോസിറ്റ് ലഭിക്കുന്ന ജില്ലയായ പത്തനംതിട്ട ജില്ലയിൽ തങ്ങളുടെ സി എസ് ആർ ഫണ്ടിന്റെ ആനുപാതിക വിഹിതം ഒരു ബാങ്കും വിനിയോഗിക്കുന്നില്ല. സി എസ് ആർ വിഹിതം ഉറപ്പുവരുത്തുന്നതിന് ജില്ലാ കളക്ടർ അടിയന്തിരമായി എല്ലാ ബാങ്കുകളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും എംപി യോഗത്തിൽ ആവശ്യപ്പെട്ടു.
തൊഴിലിനുവേണ്ടി ഈ ജില്ലവിട്ട് ഇവിടുത്തെ യുവതലമുറ പലായനം ചെയ്യുമ്പോൾ ഇവിടെ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് പോലും വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാകാത്തത് കുറ്റകരമായ വീഴ്ചയാണ്. ജില്ലയിലെ ബാങ്ക് നിക്ഷേപം 63327 കോടി രൂപയാണ്. ജില്ലയിൽ നിന്നും ഡിപ്പോസിറ്റുകൾ സ്വീകരിക്കുകയും മറ്റു സ്ഥലങ്ങളിൽ വായ്പ കൊടുക്കുകയും ചെയ്യുന്ന നിലപാടിൽ ബാങ്കുകൾ മാറ്റം വരുത്തണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായ്പാ തിരിച്ചടവുള്ള ജില്ലയാണ് പത്തനംതിട്ട. ഈ ജില്ലയിൽ ചെറിയ വായ്പകൾക്കായി ജനങ്ങൾ പ്രയാസപ്പെടേണ്ടി വരുന്നു വെന്നത് വലിയ വൈരുദ്ധ്യമാണെന്നും എം.പി പറഞ്ഞു 2024 – 25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജില്ലയിലെ ബാങ്കുകൾ, വായ്പാ വിതരണ ലക്ഷ്യത്തിന്റെ 31 ശതമാനം നേട്ടം കൈവരിച്ചു.
കാർഷിക മേഖലയിൽ 1835 കോടിയും, വ്യാപാര വ്യവസായ മേഖലയിൽ 842 കോടിയും, ഭവന, വിദ്യാഭ്യാസ മേഖലയിൽ 97 കോടിയും അടക്കം മുൻഗണനാ വായ്പകൾ 2774 കോടി രൂപയാണ് ബാങ്കുകൾ വിതരണം ചെയ്തത് . മറ്റു വായ്പകൾ 1308 കോടി രൂപയും വിതരണം ചെയ്തു. ഒന്നാം പാദത്തിൽ 430 വിദ്യാഭ്യാസ വായ്പകളിലായി 29 കോടി രൂപ വിതരണം ചെയ്തു. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് ഐ എ എസ്, ആർ ബി ഐ എൽ ഡി ഓ സബിത് സലിം, ലീഡ് ബാങ്ക് മാനേജർ ശ്രീ സിറിയക് തോമസ് , നബാർഡ് ഡി ഡി എം വിഷ്ണു എച്ച് , എസ് ബി ഐ ചീഫ് മാനേജർ സുനീർ എസ് , ഡി ഐ സി ജനറൽ മാനേജർ അനിൽ കുമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.





























