കൊച്ചി : തന്റെ സ്‌ഥലംമാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച ഒരു അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക മാത്രമാണ് താന്‍ ചെയ്‌തത്. അന്വേഷണ ഉദ്യോഗസ്‌ഥനോ അന്വേഷണ സംഘത്തിനോ മാറ്റമില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷണം പൂര്‍വാധികം ശക്‌തമായി തന്നെ മുന്നോട്ട് പോകും. തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന പ്രചാരണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും എഡിജിപി പറഞ്ഞു.
പെട്ടെന്നുണ്ടായ ഈ നടപടി കേസിനെ ഒരു തരത്തിലും തടസപ്പെടുത്തുകയോ മെല്ലെപ്പോക്കിലാക്കുകയോ ചെയ്യില്ലെന്ന് എസ് ശ്രീജിത്ത് പറയുമ്ബോഴും, വനിതാ സംഘടനകള്‍ അടക്കം ഈ സ്‌ഥലംമാറ്റത്തില്‍ ആശങ്ക രേഖപ്പെടുത്തുകയാണ്. കേസ് വഴിത്തിരിവില്‍ നില്‍ക്കേയുള്ള ഈ സ്‌ഥലംമാറ്റം കേസിനെ കാര്യമായി ബാധിക്കുമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
നടിയെ ആക്രമിച്ച കേസും ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനാ കേസും നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിക്കുക തന്നെ ചെയ്‌തു. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകള്‍ ആഭ്യന്തര സെക്രട്ടറിയ്‌ക്ക് പരാതി നല്‍കിയതും കോടതി വിമര്‍ശനങ്ങളുമാണ് സ്‌ഥാനമാറ്റത്തിന് പിന്നിലെന്നാണ് സൂചന.






























