അടൂര്‍ : അടൂര്‍ താലൂക്ക് വികസന സമിതി യോഗം തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. അടൂര്‍ താലൂക്ക് പരിധിയില്‍ വരള്‍ച്ച മുന്നൊരുക്കം എന്ന നിലയില്‍ കെ.ഐ.പി കനാലിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ അടിയന്തരമായി നടത്തണമെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി ജയപ്രസാദ് ആവശ്യപ്പെട്ടു. കെ.ഐ.പി കനാല്‍ അടിയന്തരമായി ടെന്‍ഡര്‍ എടുത്ത് ശുചീകരണം നടപ്പിലാക്കണമെന്നും ജനുവരി 15ന് മുന്‍പുതന്നെ കനാല്‍ തുറന്നുവിട്ട് ജല ലഭ്യത ഉറപ്പുവരുത്തണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തുമ്പമണ്‍ മാവര പുഞ്ചയില്‍ നടത്തിവരുന്ന കൃഷി ഉണങ്ങി പോകാന്‍ സാധ്യതയുള്ളതായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് പറഞ്ഞു. മണക്കാല ജനശക്തി നഗറിന് 500 മീറ്റര്‍ തെക്കായി കണിയാരേത്ത് വീടുകള്‍ക്ക് സമീപമുള്ള കെ.ഐ.പി സബ് കനാലിലെ കലുങ്ക് സ്ഥിരമായി മാലിന്യം കയറി അടയുന്നതിനാല്‍ ഒഴുക്ക് തടസപ്പെടുകയും അതുമൂലം ദുര്‍ഗന്ധം വമിക്കുകയും ചെയ്യുകയാണെന്നും അതിനാല്‍ വിസ്താരം കൂടിയ പൈപ്പ് ഇട്ട് പുനരുദ്ധരിക്കണമെന്നും പ്രൊഫസര്‍ പ്രഭാകരകുറുപ്പ് ആവശ്യമുന്നയിച്ചു.
പന്തളം ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും പന്തളം – പത്തനംതിട്ട റോഡില്‍ ടിപ്പറുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി സാബുഖാന്‍ ആവശ്യപ്പെട്ടതുപ്രകാരം ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ അടിയന്തരമായി ഗതാഗത വികസന സമിതി വിളിച്ച് ചേര്‍ക്കണമെന്നു യോഗം നിര്‍ദേശിച്ചു.
പന്തളം മെഡിക്കല്‍ മിഷന്‍ ഭാഗത്ത് വെയ്റ്റിംഗ് ഷെഡ് സാമൂഹിക വിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നതായി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി സാബുഖാന്‍ പറഞ്ഞു. താലൂക്ക് വികസന സമിതിയില്‍ പോലീസിനെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തത് വിമര്‍ശനത്തിനിടയാക്കി. കെ.പി റോഡില്‍ വാട്ടര്‍ അതോറിറ്റി ഇറക്കിയിട്ടുള്ള വലിയ പൈപ്പ് വര്‍ഷങ്ങളായി കിടക്കുന്നത് നീക്കം ചെയ്യണമെന്നു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി ഏഴംകുളം അജു ആവശ്യപ്പെട്ടു. പൈപ്പ് സ്ഥാപിക്കുന്നതിന് പി.ഡബ്ലു.ഡി റോഡ്സ് വിഭാഗത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി റോഡ്സ് അധികൃതരും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഇരുകൂട്ടരും സംയുക്തമായി വകുപ്പുതല ചീഫ് എഞ്ചിനീയര്‍ന്മാരുമായും എം.എല്‍.എയുടെ നേതൃത്വത്തില്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കണമെന്നു താലൂക്ക് വികസന സമിതിയില്‍ തീരുമാനമെടുത്തു.
അടൂര്‍ നഗരസഭ പരിധിയിലുള്ള ഹോട്ടലുകളില്‍ മാലിന്യ സംസ്‌കരണ സംവിധാനം ശരിയായി നടപ്പിലാക്കാത്തതിനാല്‍ ഹോട്ടല്‍ മാലിന്യം പി.ഡബ്ല്യു.ഡി ഓടകളില്‍ ഒഴുകി ഓടകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതായി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി അടൂര്‍ ജയന്‍ അഭിപ്രായപ്പെട്ടു. അടൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. പള്ളിക്കലാര്‍ ഉള്‍പ്പെടെയുള്ള ഭാഗത്തെ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടൂര്‍ മുന്‍സിപ്പാലിറ്റി, കടമ്പനാട്, ഏനാത്ത്, ഏറത്ത്, പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നെടുങ്കുന്ന്മല ടൂറിസം പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ടൂറിസം വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി നടപടി കൈക്കൊള്ളണമെന്ന് ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗം ബാബു ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഉന്നയിച്ചിട്ടുള്ള എല്ലാ വിഷയങ്ങള്‍ക്കും മേല്‍നടപടി സ്വീകരിക്കുന്നതിനു യോഗം തീരുമാനിച്ചു. താലൂക്ക് വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.