പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിൽ 500 കോടിയിലധികം രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടും ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുന്നണികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ ആരുംതന്നെ ഈ വിഷയം ചര്‍ച്ചയാക്കിയില്ല. കരിമണല്‍ തട്ടിപ്പില്‍ പുറത്തുവന്ന മാസപ്പടി കണക്കുകള്‍ പോലെ ഇവിടെയും എല്ലാവരും മാസപ്പടിയോ കൈക്കൂലിയോ വാങ്ങിയെന്ന സംശയമാണ് ഈ മൌനത്തിലൂടെ ബലപ്പെടുന്നത്.
ലോക ബാങ്കിന്റെ സഹായത്തോടെ നിർമ്മിച്ച പാതയുടെ പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82 കിലോമീറ്റർ ഭാഗത്താണ് ഗുരുതരമായ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയത്. 748.67 കോടി രൂപ വിനിയോഗിച്ചാണ് ഈ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കിയത്. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ രണ്ടായിരം കോടിയിലധികം രൂപയാണ് സർക്കാർ ഇതിനായി ചെലവഴിച്ചത്. മൂന്ന് റീച്ചുകളിലായി നിർമ്മാണം നടത്തിയ റോഡിന്റെ പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗം പുനർനിർമ്മിക്കാൻ ആവശ്യപ്പെട്ട് കെ.എസ്.ടി.പി. നിർമ്മാണ കമ്പനിക്കും മേൽനോട്ടം വഹിച്ച കമ്പനിക്കും കത്ത് നൽകിയിട്ടുണ്ട്. പാറ നീക്കം ചെയ്യാൻ എന്ന പേരിൽ അധികമായി കൈപ്പറ്റിയ 6.96 കോടി രൂപ തിരികെ പിടിക്കാനുള്ള നടപടികളും ആരംഭിച്ചു.
നിർമ്മാണത്തിലെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ അനിൽ കാറ്റാടിക്കൽ 2021 നവംബറിൽ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കണ്ടെത്തലും തുടർന്നുള്ള നടപടികളും. 2021 ഫെബ്രുവരിയിൽ കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർ അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ചാനൽ ലൈവിലൂടെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അനിൽ വിജിലൻസിനെ സമീപിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെങ്കിലും രണ്ട് വർഷത്തോളം സർക്കാർ അനുമതി ലഭിക്കാതെ അന്വേഷണം വൈകി. പിന്നീട് നടന്ന നിരന്തര ശ്രമങ്ങൾക്കൊടുവിൽ വിജിലൻസ് എസ്.ഐ.ടി.ക്ക് തുടർ അന്വേഷണത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു.
റോഡ് വികസനത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായി ഉപയോഗിക്കാതെ ഹൈവേ വീതി കുറച്ച് നിര്‍മ്മിക്കുകയും വിവിധ ഭാഗങ്ങളില്‍ ഒന്ന് മുതൽ 11.5 മീറ്റർ വരെയുള്ള സ്ഥലം സ്വകാര്യ വ്യക്തികൾക്ക് വിട്ടുനൽകുകയും ചെയ്തു. റോഡിൽ പലയിടത്തും വ്യത്യസ്തമായ വീതിയിലാണ് നിർമ്മാണം നടത്തിയത്. നിരവധി തോടുകളും നീരൊഴുക്കുകളും കെട്ടിയടച്ചു. കൂടാതെ കോടിക്കണക്കിന് രൂപയുടെ പച്ചമണ്ണും കല്ലും കരാറുകാരൻ മറിച്ചുവിറ്റു. മണ്ണും കല്ലും നീക്കുന്നതിനായി ഏഴ് കോടി രൂപയാണ് അധികമായി കൈപ്പറ്റിയത്. റോഡ് നിർമ്മാണം പൂർത്തിയാകാതെ തന്നെ കെ.എസ്.ടി.പി. ഈ റോഡിന് കംപ്ലീഷൻ സർട്ടിഫിക്കറ്റും നൽകി. റോഡിന് ഇരുവശത്തും നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കരാറിൽ പറയുന്ന ഒരു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല തുടങ്ങിയ ഗുരുതര ക്രമക്കേടുകൾ ഇപ്പോഴും അന്വേഷണത്തിലാണ്.
ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ പരാതിയിൽ ഉള്ളതിനാൽ കൂടുതൽ തട്ടിപ്പുകൾ വരും ദിവസങ്ങളിൽ പുറത്തുവരും. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പലതും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പുനലൂര്‍ – മൂവാറ്റുപുഴ പാതയുടെ അഴിമതി ചര്‍ച്ചയാക്കുവാന്‍ രാഷ്ട്രീയ പാർട്ടി നേതാക്കളോ മുന്നണി നേതാക്കളോ ആരുംതന്നെ തയ്യാറായിട്ടില്ല എന്നത് അഴിമതിയുടെ വേരോട്ടം എവിടേക്കൊക്കെ നീണ്ടുവെന്ന് വ്യക്തമാകുകയാണ്.































