പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ ആവർത്തിച്ചുണ്ടാകുന്ന പ്രളയ–പേമാരി ദുരന്തങ്ങൾ ജനജീവിതത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും സൃഷ്ടിക്കുന്ന കനത്ത ആഘാതം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ പ്രളയ പ്രതിരോധ നയത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് വിശദമായ നയരേഖ സമർപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തം ഉണ്ടായശേഷം ദുരിതാശ്വാസം വിതരണം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്ന സമീപനം അവസാനിപ്പിച്ച് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ള സ്ഥിരം സംവിധാനങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
പ്രത്യേകിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾ വർഷംതോറും നേരിടുന്ന പ്രളയഭീഷണി കണക്കിലെടുത്ത് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും സ്ഥിരം സംവിധാനങ്ങൾ രൂപീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. സംസ്ഥാനതലത്തിൽ നിയമപരമായ അധികാരമുള്ള കേരള പ്രളയ പ്രതിരോധ അതോറിറ്റി, പമ്പാ നദീതട വികസന അതോറിറ്റി, എല്ലാ ജില്ലകൾക്കും ഫ്ലഡ് മാസ്റ്റർ പ്ലാൻ, നദികളുടെ ശാസ്ത്രീയ പുനരുജ്ജീവനം, അണക്കെട്ടുകളുടെ ഏകോപിത ജലനിയന്ത്രണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ മുന്നറിയിപ്പ് സംവിധാനം, ഓരോ പഞ്ചായത്തിലും ദുരന്ത പ്രതികരണ കേന്ദ്രങ്ങൾ, തണ്ണീർത്തട സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ വികസന നയം, “കേരള പ്രളയ പ്രതിരോധ മിഷൻ–2035” പ്രഖ്യാപിക്കൽ എന്നിവ ഉൾപ്പെടെ 25 സ്ഥിരം നയ നടപടികളാണ് നിവേദനത്തിൽ നിർദേശിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയ്ക്കായി പ്രത്യേക “ പ്രളയപ്രതിരോധ ശേഷിയുള്ള പത്തനംതിട്ട –2035” പദ്ധതി പ്രഖ്യാപിക്കണമെന്നും പമ്പാ, അച്ചൻകോവിൽ, മണിമല നദികളുടെ സംരക്ഷണത്തിനായി സമഗ്ര പുനരുജ്ജീവന പദ്ധതി നടപ്പാക്കണമെന്നും റാന്നി–കോന്നി–കോഴഞ്ചേരി–ആറന്മുള–തിരുവല്ല മേഖലകളിൽ പ്രത്യേക പ്രളയ സംരക്ഷണ പദ്ധതി ആവിഷ്‌കരിക്കണമെന്നും ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് ഫ്ലഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (2019–2021)യുടെ 89 ആം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ്, പദ്ധതികളുടെ നിർവഹണത്തിലെ കാലതാമസം, മേൽനോട്ടത്തിലെ വീഴ്ച, ഉത്തരവാദിത്തക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പ്രളയ പ്രതിരോധ മേഖലയിലും ആവർത്തിക്കാതിരിക്കാൻ ശക്തമായ ഭരണസംവിധാനവും സമയബന്ധിതമായ പദ്ധതിനിർവഹണവും ഉറപ്പാക്കണമെന്ന് നിവേദനം ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള സന്ദർശനം നഷ്ടപരിഹാര പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ കേരളത്തിന്റെ ഭാവി തലമുറകളെ സംരക്ഷിക്കുന്ന ശാശ്വത പ്രളയ പ്രതിരോധ നയത്തിന് തുടക്കമാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. നിവേദനത്തിലെ നിർദേശങ്ങൾ പരിശോധിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല വിദഗ്ധസമിതി രൂപീകരിച്ച് സമയബന്ധിത പ്രവർത്തനപദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ഡി.സി.സി വൈസ് പ്രസിഡന്‍റ്മാരായ അഡ്വ.അനിൽ തോമസ്, അഡ്വ.എ.സുരേഷ് കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്. പ്രളയത്തെ അതിജീവിക്കുന്ന കേരളമല്ല പ്രളയത്തെ പ്രതിരോധിക്കുന്ന കേരളം സൃഷ്ടിക്കുന്നതിനുള്ള സമഗ്ര നയരേഖയാണ് ഈ നിവേദനമെന്നും സംസ്ഥാന സർക്കാർ ഇത് ഗൗരവപൂർവം പരിഗണിച്ച് അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.






























