കളമശ്ശേരി: കോവിഡ് രോഗിയുമായി മെഡിക്കല്‍ കോളജിലെത്തി മടങ്ങിയ ആംബുലന്‍സ് സെക്യൂരിറ്റി വിഭാഗം മണിക്കൂറുകളോളം തടഞ്ഞിട്ടതായി പരാതി. മലയാറ്റൂരില്‍നിന്ന് 83 വയസ്സുകാരിയുമായി എത്തിയ ആംബുലന്‍സ് ജീവനക്കാരാണ് ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
മലയാറ്റൂര്‍ ഇല്ലിത്തോടിലുള്ള തലക്ക് മുറിവുള്ള വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതനുസരിച്ച് (108) ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിച്ച രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
പിന്നാലെ മടങ്ങാന്‍ തുടങ്ങിയ ആംബുലന്‍സിനോട് പോകാന്‍ വരട്ടെയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ എറണാകുളം ഐ.എം.എ കണ്‍ട്രോളില്‍ ബന്ധപ്പെട്ടപ്പോള്‍ തിരികെ ബേസ് ലൊക്കേഷനില്‍ എത്താനാണ് നിര്‍ദേശിച്ചത്. അതനുസരിച്ച് മടങ്ങിയപ്പോള്‍ സെക്യൂരിറ്റി വിഭാഗം തടഞ്ഞിടുകയായിരുന്നു.
ആംബുലന്‍സ് ജീവനക്കാരോട് മോശമായി സംസാരിച്ചതായും പറയുന്നു. പിന്നീട് പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് നാല് മണിക്കൂറിനുശേഷമാണ് പോകാനായതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ആശുപത്രി കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിദേശത്തെതുടര്‍ന്നാണ് തടഞ്ഞതെന്നാണ് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥന്‍ മണിരാജ് പറയുന്നത്.