കൊല്ലം : സൈനികനെ തല്ലിച്ചതച്ച കേസ് തേച്ചുമായ്ച്ചു കളയാൻ ഉദ്ദേശമില്ലെന്നു വ്യക്തമാക്കി സെെന്യത്തിൻ്റെ ഇടപെടൽ. കരിക്കോട് പേരൂർ ‘ഇന്ദീവര’ത്തിൽ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും സെപ്തംബർ 25 ന് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിന് ഇരയാക്കുകയും തുടർന്ന് പോലീസിനെ ആക്രമിച്ചതായി കള്ളക്കേസുണ്ടാക്കി ജയിലിലടയ്ക്കുകയും ചെയ്ത സംഭവം സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ദക്ഷിണമേഖലാ ഐജിപി പ്രകാശ് സസ്പെൻഡ് ചെയ്തെങ്കിലും കടുത്ത നടപടി തന്നെ വേണമെന്ന ആവശ്യമാണ് സമൂഹത്തിൽ നിന്നുമുയർന്നത്. സംഭവത്തിൽ കൂടുതൽ പോലീസുകാർ ഉൾപ്പെട്ടിട്ടുള്ളതായും പരാതിയുണ്ട്. 12 ദിവസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തുവന്ന സഹോദരങ്ങൾക്ക് ഏൽക്കേണ്ടി വന്ന ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിൻ്റെ വിവരങ്ങളറിഞ്ഞ് കേരളം ഞെട്ടിയിരുന്നു.
അതേസമയം കേസിൽ ഉൾപ്പെട്ട പോലീസുകാർക്ക് രക്ഷപ്പെടൽ എളുപ്പമാകില്ലെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സെെനികന് മർദ്ദനമേറ്റ സംഭവം സൈന്യം വളരെ ഗൗരവമായിത്തന്നെ ഏറ്റെടുത്തിരിക്കുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് സൈനികൻ്റെ കുടുംബവും വിമുക്തഭടന്മാരുടെ സംഘടനകളും പരാതി നൽകിയതിനു പിന്നാലെയാണ് കേസിൽ സെെന്യത്തിൻ്റെ ഇടപെടലുണ്ടായിട്ടുള്ളത്. ഈ കേസ് കേന്ദ്രഏജൻസികൾ ഏറ്റെടുക്കാനുള്ള സാധ്യതയാണുള്ളതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. പോലീസുകാർക്കെതിരെ മിലിട്ടറി ഇൻ്റലിജൻസ് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങുന്നതായും സൂചനകൾ പുറത്തു വരുന്നുണ്ട്.
ഇതിനിടെ എസ്ഐ അനീഷ് മുഹമ്മദിന് നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും പുറത്തു വന്നിരുന്നു. ഇക്കാര്യം കൂടി പുറത്തുവന്നതോടെ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ എൻഐഎ അന്വേഷണവും ഉണ്ടായേക്കുമെന്നുള്ള സൂചനകളും എത്തുന്നുണ്ട്. അതേസമയം ചിലർ ചെയ്യുന്ന കാര്യങ്ങൾക്ക് സേന മുഴുവൻ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുന്ന സാഹചര്യം സേനയ്ക്കുള്ളിൽ കടുത്ത അമർഷവും ഉയർത്തിയിട്ടുണ്ട്. സേനയ്ക്കുള്ളിലെ ഇടതുപക്ഷ അനുകൂല സംഘടന ഇതിനെതിരെ രംഗത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഡി.വൈ.എഫ്.ഐ കുണ്ടറ മേഖലാ ജോ. സെക്രട്ടറി കൂടിയായ വിഘ്നേഷിനെ ‘നീ പിണറായിയുടെ ആളാണോടാ’ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. സൈനികനായ വിഷ്ണുവിനോട് ‘നീ ഇനി ഈ വിരൽ കൊണ്ട് കാഞ്ചി വലിയ്ക്കില്ല’ എന്ന് പറഞ്ഞ് വിരലുകൾ അടിച്ചൊടിച്ചു. ‘നീ ചത്താൽ നിന്റെ ശവത്തിൽ ഒരു റീത്തും വയ്ക്കും’ എന്നായിരുന്നു അനീഷ് മുഹമ്മദിന്റെ ആക്രോശമെന്ന് ജാമ്യത്തിലിറങ്ങിയ വിഘ്നേഷും വിഷ്ണുവും മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പോലീസുകാരുടെ ക്രൂരതയ്ക്ക് എതിരെ ശക്തമായ നടപടി വേണമെന്നു തന്നെയാണ് സംഘടനയും ആവശ്യപ്പെടുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്റയുടെ കാലത്ത് ക്രിമിനൽ പശ്ചാത്തലമുള്ള 70 പോലീസുകാരെയാണ് സർവീസിൽനിന്ന് പിരിച്ചു വിട്ടത്.
കൊലപാതകം, മനഃപൂർവമല്ലാത്ത നരഹത്യ, ബലാൽസംഗം എന്നീ മൂന്ന് കുറ്റകൃത്യങ്ങളിലൊഴികെ ഒരു സൈനികനെയോ സൈനിക ഓഫീസറെയോ അറസ്റ്റ് ചെയ്യാൻ ലോക്കൽ പോലീസിന് ഒരധികാരവും ഇല്ലെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 45 (1) വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ മൂന്നു കുറ്റകൃത്യങ്ങളിൽ ഇര സിവിലിയൻ ആണെങ്കിൽ മാത്രമേ ഒരു സൈനികനെയോ ഓഫീസറെയോ വ്യക്തമായ തെളിവോടെ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരമുള്ളൂ. ഈ കുറ്റകൃത്യങ്ങളിലെ ഇര സേനയിലുള്ളവരാണെങ്കിൽ അതിന്മേൽ കേസെടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും സൈനിക പോലീസിനും കോടതിക്കും മാത്രമാണ് അധികാരം.
ആർമി ആക്ട് 70, എയർഫോഴ്സ് ആക്ട് 72, കോസ്റ്റ് ഗാർഡ് ആക്ട് 50 എന്നീ വകുപ്പുകൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതല്ലാത്ത കേസുകളിൽ കോടതി ഉത്തരവുണ്ടായാൽ പോലും കേന്ദ്ര സർക്കാരിന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ ഒരു പട്ടാളക്കാരനെ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ സെെന്യം അവരുടെ നിലപാടിൽ ഉറച്ചു നിന്നാൽ ഈ കേസിൽ നിന്നും എളുപ്പത്തിൽ രക്ഷപ്പെടാൻ കുറ്റക്കാരായ പോലീസുകാർക്ക് കഴിയില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































