കോന്നി : അട്ടച്ചാക്കല്‍ – ചെങ്ങറ മുക്ക് റോഡുപണിയില്‍ കോടികളുടെ തട്ടിപ്പ്. ഉന്നത നിലവാരത്തില്‍ പണിയുന്ന റോഡില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി നാട്ടുകാര്‍. ടാറിംഗ് കഴിഞ്ഞ് ഒരുമാസം തികയുന്നതിനു മുമ്പേ റോഡ് പൊളിഞ്ഞു കഴിഞ്ഞു. ചെങ്ങറ ഹാരിസണ്‍ എസ്റ്റേറ്റിലെ റബര്‍ കറയുമായി ഇന്ന് ലോറി പോയപ്പോഴാണ് ആധുനിക നിലവാരത്തില്‍ പണിത റോഡ് പപ്പടം കണക്കെ തകര്‍ന്നത്. ചെങ്ങറ സ്കൂള്‍ വളവില്‍ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം.
അട്ടച്ചാക്കല്‍ – ചെങ്ങറ – പുതുക്കുളം വഴി ശബരിമല പാതയിലെ ചെങ്ങറ മുക്കില്‍ എത്തുന്നതാണ് 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത. അടൂര്‍ പ്രകാശ് എം.എല്‍.എ ആയിരുന്നപ്പോഴാണ് ഈ റോഡ് ആധുനിക നിലവാരത്തില്‍ വീതികൂട്ടി പണിയുന്നതിന് പദ്ധതിയിട്ടത്. പണി തുടങ്ങിയപ്പോള്‍ തന്നെ ഇഴഞ്ഞാണ് നീങ്ങിയത്. പല സ്ഥലത്തും കലുങ്കുകള്‍ പണിതതിലും ഓടകള്‍ നിര്‍മ്മിച്ചതിലും അപാകതകള്‍ ഉണ്ടെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടാറിംഗ് നടക്കുന്നതെന്നും നാട്ടുകാര്‍ അന്നേ പറഞ്ഞിരുന്നു. എന്നാല്‍ നാട്ടുകാരുടെ പരാതിയെ അവഗണിച്ചുകൊണ്ട് റോഡു പണി മുമ്പോട്ടുപോയി. ഇപ്പോഴും പണി പൂര്‍ത്തീകരിച്ചിട്ടില്ല. പാലാ സ്വദേശിയാണ് കരാര്‍പണി എടുത്തിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നത്. പണി നടക്കുമ്പോള്‍ സൈറ്റില്‍ എത്തി മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥന്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. വണ്ടി പോയപ്പോള്‍ തകര്‍ന്ന റോഡ് ഇന്ന് രാത്രിതന്നെ ശരിയാക്കുവാനാണ് രഹസ്യനീക്കം. എന്തുവന്നാലും ഇത് തടയുമെന്ന് നാട്ടുകാരും പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് വരാതെ തകര്‍ന്ന റോഡ് നന്നാക്കാന്‍ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജനങ്ങള്‍ ഒന്നടങ്കം.