കൊച്ചി: അങ്കമാലിയിൽ ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകള്‍ മരിച്ചു. പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ആറ് മണിയോടെ അങ്കമാലി ദേശീയപാതയ്ക്കരികെ മുൻസിപ്പാലിറ്റി ഓഫീസിന് സമീപത്തായിരുന്നു അപകടം. അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു മരിച്ച ത്രേസ്യയും ബീനയും.
രാവിലെ ജോലിക്ക് പോകുകയായിരുന്നു ത്രേസ്യയും ബീനയും. ഓട്ടോ റിക്ഷയിൽ വന്ന് ജോലി സ്ഥലത്ത് ഇറങ്ങുന്ന സമയത്ത് ആലുവ ഭാഗത്ത് നിന്ന് മലിനജലം നിറച്ചു വന്ന ടാങ്കർ ലോറി ഇരുവരുടേയും ദേഹത്തേക്ക് പാഞ്ഞു കയരുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ലാലുവിനും രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ബീന, ത്രേസ്യ എന്നിവരുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





























