ഉത്തർപ്രേദേശ് : ഉത്തർപ്രദേശിലെ അയോധ്യയിൽ സ്‌കൂൾ അധ്യാപികയെ അജ്ഞാതർ കുത്തിക്കൊന്നു. സുപ്രിയ വർമ എന്ന 31 കാരിയാണ് കൊല്ലപ്പെട്ടത്. കോട്വാലി പ്രദേശത്തെ ശ്രീരാം പുരം കോളനിയിൽ അധ്യാപിക വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. സുൽത്താൻപൂർ ജില്ലയിലെ പത്താൻപൂർ അത്രൗളിയിൽ താമസിക്കുന്ന അധ്യാപിക ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഭർത്താവ് ഉമേഷ് അമ്മയ്‌ക്കൊപ്പം ബാങ്കിലേക്ക് പോയിരുന്നു. തിരിച്ചെത്തി വാതിൽ തുറന്നപ്പോൾ ഭാര്യ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും, അക്രമികളെ ഉടൻ പിടികൂടുമെന്നും അയോധ്യ പോലീസ് സൂപ്രണ്ട് അറിയിച്ചു. ഐപിസി സെക്ഷൻ 302 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും പോലീസ് സേനയെ വിന്യസിച്ചപ്പോഴാണ് ഈ സംഭവമുണ്ടായതെന്ന് അഖിലേഷ് ആരോപിച്ചു. സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടായിട്ടും കുറ്റവാളികൾ നടത്തുന്ന ഇത്തരം കൊലപാതകങ്ങൾ ഭരണകൂടത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.