അന്തിക്കാട് : വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിച്ച കേസിലും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലുമായി മൂന്നുപേർ അന്തിക്കാട് പോലീസിന്റെ പിടിയിലായി. കിഴുപ്പിള്ളിക്കരയിൽ പാച്ച് വർക്കിനായി കൊണ്ടുവന്നിട്ടിരുന്ന കാറിന്റെ ബാറ്ററി മോഷണം പോയ സംഭവത്തിൽ താന്ന്യം തച്ചപ്പുള്ളി അഖിൽ (21), പഴുവിൽ വലിയപറമ്പിൽ മുഹമ്മദ് (ജിന്ന 42) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങോട്ടുകരയിൽനിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇതിൽ മുഹമ്മദ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ തൃപ്രയാറിൽ കൂട്ടുകാരിയുമൊത്ത് ഡോക്ടറെ കാണാൻ വന്ന പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയി ബാഗും മൊബൈൽ ഫോണും അപഹരിച്ച കേസിൽ മുഹമ്മദിനെ കൂടാതെ പെരിങ്ങോട്ടുകര കൊല്ലത്തുവീട്ടിൽ അബിനും (21) അറസ്റ്റിലായി. പെൺകുട്ടിയെ തങ്ങൾക്കൊപ്പം നിർത്തി ഫോട്ടോ എടുത്ത പ്രതികൾ ഇത് വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നീട് പെൺകുട്ടിയെ അന്തിക്കാടുവെച്ച് കാറിൽനിന്ന് ഇറക്കിവിട്ടു. പെൺകുട്ടി പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു. മുഹമ്മദിനെ മലപ്പുറം മൊറയൂരിൽ നിന്നും അബിനെ താന്ന്യത്തു നിന്നുമാണ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ തോമസ്, അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങായ എ.എസ്.ഐ മുഹമ്മദ്, അഷറഫ്, സീനിയർ സി.പി.ഒ മാരായ കെ.എസ് ഉമേഷ്, ഇ.എസ് ജീവൻ, സോണി സേവ്യർ, പി.വി വികാസ്, അന്തിക്കാട് സ്റ്റേഷനിലെ എ.എസ്.ഐ മാരായ പ്രിജു, അരുൺ, ഷറഫുദ്ദീൻ, സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥൻ എ.വി വിനോഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.





























