പട്ടിക്കാട് : സംസ്ഥാന ബീവറേജ് കോര്‍പ്പറേഷന്റെ ചുവന്നമണ്ണ് പത്താംകല്ലിലുള്ള മദ്യവില്പനശാലയില് മോഷണം. 8000 രൂപയും മദ്യവും മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമികവിവരം. ഇന്നലെ രാത്രിയിലാണ് സംഭവം. കടയുടെ പിറകിലുള്ള ഷട്ടര്‍ കുത്തിത്തുറന്ന നിലയിലാണ്. ഇതുവഴിയാകാം മോഷ്ടാവ് അകത്തുകയറിയതെന്നാണ് പോലീസിന്റെ നിഗമനം. മദ്യകുപ്പികള്‍ പായ്ക്ക് ചെയ്തിട്ടുള്ള കെയ്സുകള് തുറന്ന നിലയിലാണ്. എത്രമാത്രം മദ്യം നഷ്ടമായിട്ടുണ്ട് എന്ന് സ്റ്റോക്ക് എടുത്തെങ്കില്‍ മാത്രമേ അറിയാന്‍ കഴിയൂ എന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെ സ്ഥാപനം തുറക്കാന്‍ എത്തിയ വനിത ജീവനക്കാരാണ് കടയുടെ ഉള്ളില്‍ മദ്യക്കുപ്പികള്‍ അലങ്കോലമായി കിടക്കുന്ന കാര്യം ശ്രദ്ധിച്ചത്. മറ്റു ജീവനക്കാര്‍ കൂടി എത്തി പരിശോധന നടത്തിയപ്പോഴാണ് പിന്നിലെ ഷട്ടര്‍ തകര്‍ത്തിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ പീച്ചി പോലീസില്‍ വിവരമറിയിച്ചു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ്.ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. സ്ഥാപനത്തിന് അകത്ത് ഉണ്ടായിരുന്ന ക്യാമറയില്‍ മോഷ്ടാവ് മദ്യ കെയ്സുകള് തുറന്ന് കുപ്പികള്‍ പുറത്തെടുക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന് പുറത്തും നാല് ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും അവയൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.





























